ഒടുവില്‍ തിയ്യതി പ്രഖ്യാപിച്ചു;ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍, വോട്ടെടുപ്പ് ഡിസംബര്‍ 9,14 തിയ്യതികളില്‍

ദില്ലി:ഏറെ വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9,14 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 18നാണു വോട്ടെണ്ണല്‍ നടക്കുക.ന്യൂഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജോതിയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്. നിലവില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് ബി.ജെ.പിയെ സഹായിക്കാനാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നതെന്നായിരുന്നു
ആരോപണം.

ഇതിനിടെ, 115 മുതല്‍ 125 സീറ്റുവരെ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്ന ഇന്ത്യാ ടുഡെ അഭിപ്രായ സര്‍വേഫലം പുറത്തുവന്നു. കോണ്‍ഗ്രസ് 57 മുതല്‍ 65 സീറ്റുവരെ നേടുമെന്നും ബിജെപിയുടെ വോട്ടു ശതമാനത്തില്‍ കുറവുണ്ടാകുമെന്നും സര്‍വെ പറയുന്നു.