ആരാധകര്‍ കാത്തിരിക്കേണ്ട; കൊഹ്‌ലി-അനുഷ്ക വിവാഹം ഡിസംബറില്‍ ഇല്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്ന് കരുതിയെങ്കില്‍ അതൊരു ഗോസിപ്പ് മാത്രമായിരുന്നു എന്ന് വിചാരിച്ചാല്‍ മതി. കാരണം വിരാട് കൊഹ്ലിയുമായുള്ള കല്ല്യാണം ഡിസംബറില്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ അനുഷ്‌കയുടെ ടാലന്റ് ഏജന്‍സി നിഷേധിച്ചിരിക്കുകയാണ്.

2013മുതല്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ സജീവമായിരുന്നു. ഇടയ്ക്ക് ഇവര്‍ പിരിഞ്ഞെന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ അടുത്തിടെ അനുഷ്‌കയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോലി മറുപടി നല്‍കിയതും ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റിന് ശേഷം കോലി നീണ്ട അവധിയെടുക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നതും ആരാധകര്‍ക്ക് വിവാഹ പ്രതീക്ഷകള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷവും ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇരുവരും പുതുവല്‍സരാഘോഷങ്ങള്‍ക്കായി കുടുംബസമേതം ഉത്തരാഖണ്ഢിലെത്തിയത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെ ഒരു പരസ്യത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചതും വിവാഹം ഉടനുണ്ടാകുമെന്നതിന് സൂചനയായി ആരധാകര്‍ ഊഹിച്ചു. എന്നാല്‍ അനുഷ്‌കയുടെ ഏജന്‍സി വിവാഹ വാര്‍ത്ത നിരസിച്ചതോടെ എല്ലാ ഊഹാപോഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.