കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് പത്താം ക്ലാസുകാരി ഗൗരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.
കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി(15), വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞ് ക്ലാസില്‍ കയറുവാനുള്ള ബെല്‍ അടിച്ചപ്പോഴാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയതെന്നു ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഈ അധ്യാപികമാര്‍ ഒളിവിലാണെന്നാണ് വിവരം.