മതത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലുന്നര്‍ കണ്ടോളു; പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ സഹായവുമായി മലപ്പുറത്തെ ജുമാ മസ്ജിദ് കമ്മിറ്റി

മലപ്പുറം: ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുകയും, വര്‍ഗീയ ലഹളകളുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് കണ്ടുപഠിക്കാന്‍ കേരളത്തട്ടില്‍ നിന്നുമൊരു മാതൃക. മത സൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് മലപ്പുറം തിരൂരുകാര്‍.

തിരൂര്‍, പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അനില്‍കുമാര്‍. പൂജയില്‍ നിന്നുളള ചെറിയ വരുമാനത്തിലാണ് അനില്‍കുമാറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ ജനിച്ചത് രോഗബാധിതനായായിരുന്നു. ശ്വാസകോശം ചുരുങ്ങുന്ന അപൂര്‍വ രോഗമാണ് അര്‍ജുന്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന് മുന്നില്‍ പ്രതീക്ഷകളുടെ എല്ലാ വാതിലും അടഞ്ഞപ്പോള്‍ സഹായത്തിന്റെ കരങ്ങള്‍ നീട്ടി താങ്ങായി രംഗത്തിറങ്ങിയിരിക്കുകയാണ് പുറത്തൂര്‍ ജുമഅത്ത് പളളി നൂറുല്‍ ഈമാന്‍ മദ്രസ കമ്മിറ്റി.

 

കുഞ്ഞിന്റെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന എട്ട് സെന്റ് ഭൂമിയും വീടും അനില്‍കുമാര്‍ വിറ്റു. പണം തീര്‍ന്നപ്പോള്‍ ചികിത്സയും വഴിമുട്ടി. അടുത്ത ദിവസം വരെ മകനൊപ്പം എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ഈ കുടംബം. അമൃതയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ഇപ്പോള്‍ ഓക്‌സിജന്‍ സഹായത്തോടെ വാടക വീട്ടില്‍ ജീവന്‍ നിലനിര്‍ത്തി വരികയാണ്.
ഇനി എന്തുചെയ്യുമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് പുറത്തൂര്‍ മഹല്ല് കമ്മറ്റിയെ അനില്‍കുമാറിന്റെ അയല്‍വാസികള്‍ ബന്ധപ്പെടുത്തുന്നത്. വിഷയം അറിഞ്ഞ മഹല്ല് കമ്മറ്റി യോഗം ചേരുകയും അന്വേഷിക്കുകയും തുടര്‍ന്ന് സഹായവുമായി രംഗത്തെത്തുകയുമായിരുന്നു.

മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പളളി ഖത്തീബുമാര്‍ക്കും മഹല്ല് കമ്മിറ്റി സഹായം അഭ്യര്‍ത്ഥിച്ച് കത്ത് കൈമാറിക്കഴിഞ്ഞു. വെളളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം അര്‍ജുന്‍ ചികിത്സ സഹായ പിരിവും നടക്കുന്നുണ്ട്.