ആ ‘ടൈറ്റില്‍’ മലയാളി ഒരിക്കലും മറക്കില്ല
ജയന്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച ഐ.വി.ശശിയെ ‘ആള്‍ക്കൂട്ടത്തിന്റെ സംവിധായകന്’ എന്നാണ് അറിയപ്പെടുന്നത്.
കമല്‍ ഹാസന്, മധു, രതീഷ്, ഉമ്മര്‍, സീമ, ഗീത, ഉര്‍വശി, സുകുമാരന്‍, സോമന്, റഹ്മാന്, ജനാര്ദനന്, ഇന്നസെന്റ്, ബാലന് കെ നായര്‍, ക്യാപ്റ്റന്‍ രാജു, ലാലു അലക്സ്, ടി.ജി. രവി, പ്രതാപചന്ദ്രന്, സണ്ണി, അസീസ് അങ്ങിനെ നിരവധി അഭിനേതാക്കള്‍ക്ക് മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ശതമായ കഥാപാത്രങ്ങള്‍ നല്കി. മലയാള സിനിമയില്‍ ഇത്രയധികം നാളുകള്‍ ജ്വലിച്ചു നിന്ന ഒരു സംവിധായകന് ഇല്ല.
നാല് ഭാഷകളിലായി 180 ഓളം ചിത്രങ്ങള്‍, മലയാളത്തില്‍ ഏറ്റവും അധികം ചിത്രങ്ങളും ഏറ്റവുമധികം ഹിറ്റുകളും അദ്ദേഹം നല്കി.
അവാര്‍ഡുകള്‍ക്കപ്പുറം ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു അദ്ധേഹത്തിന്റെ എല്ലാ ചിത്രങ്ങളും. രജനികാന്തും കമല്‍ ഹാസനും അഭിനയിച്ച ‘അലാവുദീനും അത്ഭുതവിളക്കും’, ഈറ്റ, ഇണ, അങ്ങാടി, ഇതാ ഇവിടെ വരെ, ഈ നാട്, ആരൂഢം, അടിയൊഴുക്കുകള്‍, അവളുടെ രാവുകള്‍, കരിമ്പന, അതിരാത്രം, ആവനാഴി, തൃഷ്ണ, 1921, മൃഗയ, ദേവാസുരം അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകള്‍. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ നിര്‍ണ്ണയിച്ച സംവിധായകന്. സ്കോട്ടിഷ് തൊപ്പിയണിഞ് നിഷ്കളങ്കമായ ചിരിയോടെയുള്ള അദ്ദേത്തിന്റെ മുഖം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല.
ജീവിത ഗന്ധിയായ ശക്തമായ പ്രമേയങ്ങളെ ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചതിലൂടെ മലയാളിയുടെ മനസ്സില്‍ താങ്ങി നില്ക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു. 80 കളില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ എത്തിച്ചു. ഒരു സംവിധായകന്റെ പേരില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തത് ഐ.വി ശശിയുടെ കാലത്താണ്. ബിഗ് ബജറ്റിലും ബിഗ് ക്യാന്‍വാസിലും മലയാള സിനിമ ചെയ്യാന്‍ ഒരുപാട് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പ്രചോദനമേകി. ഒരു ഫ്രെയിമില്‍ 100 ലധികം അഭിനേതാക്കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അനായാസത്തിലുള്ള ചിത്രീകരണം. സിനിമയുടെ എല്ലാ സാങ്കേതിക മേഖലയിലും അറിവുള്ള ചുരുക്കം ചില സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. കലാസംവിധായകനായി ചലച്ചിത്ര രംഗത്തെക്കു വന്നു.
2015ല്‍ കേരളം സര്‍ക്കാര്‍ ജെ.സി ഡാനിയേല്‍ പുരസ്ക്കാരം നല്കി ആദരിച്ചു. ആദ്യ ചിത്രം ‘ഉത്സവം’. 1982ല്‍ ആരൂഢം എന്ന ചിത്രത്തിന് നര്‍ഗീസ് ദത്ത് അവാര്‍ഡ്. 1976ല്‍ മികച്ച കലാസംവിധായാനുള്ള സംസ്ഥാന അവാര്‍ഡ്, 1984ല്‍ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’, 1988ല്‍ ‘1921’, 1989ല്‍ ‘മൃഗയ’ എന്നിവയ്ക്കും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.