കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത;കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല

കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. തന്റെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു മമത പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നമിത രംഗത്തെത്തിയത്.

”ഏകാധിപത്യ രീതിയിലാണു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം. പൗരന്‍മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണു മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ആരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കരുത്. എന്റെ മൊബൈല്‍ കണക്ഷന്‍ എടുത്തുകളഞ്ഞാലും ശരി, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ല .

തീര്‍ത്തും ഏകാധിപത്യപരമായ ഭരണമാണ് ബി.ജെ.പിയുടേത്. അവര്‍ക്കെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. ആരെങ്കിലും വിമര്‍ശനം ഉയര്‍ത്തിയാല്‍ അവരെ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തും” – മമത പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ശക്തിയുക്തം പോരാടാനാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനമെന്നും മമത വ്യക്തമാക്കി. ഞങ്ങള്‍ ഭീരുക്കളല്ല. കേന്ദ്രത്തില്‍ ഭരണത്തിലെത്തിയില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുമെന്നും മമത പ്രഖ്യാപിച്ചു.

ഇന്ത്യ കണ്ട വലിയ അഴിമതികളിലൊന്നാണു നോട്ടുനിരോധനമെന്നും മമത ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബി.ജെ.പി സഹയാത്രികന്‍ യശ്വന്ത് സിന്‍ഹ തുടങ്ങിയവരെല്ലാം നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നു. ഇവര്‍ക്കെല്ലാം ഒന്നിച്ചു തെറ്റു പറ്റുമോയെന്നും മമത ചോദിച്ചു. നോട്ടുനിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്നും മമത വ്യക്തമാക്കി.