പൊള്ളിപ്പിടഞ്ഞ ആ അമ്മയും കുഞ്ഞുങ്ങളും യാത്രയായി; പരാതിയേതുമില്ലാതെ ആ അഞ്ചു വയസ്സുകാരിയും, തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

തിരുനെല്‍വേലി: പലിശക്കാരുടെ പീഡനം സഹിക്കവയ്യാതെ തിരുനെല്‍വേലി കലക്ടറേറ്റിനു മുന്നില്‍ സ്വയം തീകൊളുത്തിയ നാലംഗ കുടുംബത്തിലെ അമ്മയും,രണ്ടു കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. കാസിധര്‍മം സ്വദേശികളായ ഇസക്കിമുത്തു ഭാര്യ സുബ്ബുലക്ഷ്മി ഇവരുടെ അഞ്ചും ഒന്നരയും വയസുള്ള മക്കള്‍ എന്നിവരാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. പിതാവ് ഇസക്കി മുത്തു(32) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പ്രദേശത്തെ പലിശക്കാരനില്‍നിന്ന് മുത്തു 1.40 ലക്ഷം രൂപ കച്ചവട ആവശ്യത്തിനു വേണ്ടി വാങ്ങിയിരുന്നു. തവണകളായി 2.34 ലക്ഷം രൂപ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ട് കൊള്ളപ്പലിശക്കാരന്‍ മുത്തുവിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

മുന്‍പ് ആറു തവണ ഇവര്‍ ഇതേ കലക്ടറുടെ മുന്നില്‍ പരാതിയുമായി വന്നിട്ടുണ്ടെന്ന് മുത്തുവിന്റെ സഹോദരന്‍ പറഞ്ഞു. എന്നാല്‍ ഓരോ തവണയും പരാതി പൊലീസ് സ്റ്റേഷനിലേക്കു പോകും. വട്ടിപ്പലിശക്കാരന്റെ ഭാഗം ന്യായമെന്നു തോന്നുന്ന പൊലീസ് അതങ്ങു കീറും, ഇതായിരുന്നു പതിവ്.
മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുത്ത് വീണ്ടും കലക്ടറെ സമീപിച്ചു പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പൊലീസിനോട് അന്വേഷിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കലക്ടറേറ്റില്‍നിന്നു പലതവണ ഓര്‍മ്മിപ്പിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ല. മാത്രവുമല്ല, കുടുംബത്തെ പലതരത്തില്‍ പീഡിപ്പിക്കുകയും ചെയ്തു.

സംഭവം തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊള്ളപ്പലിശക്കാരനും എതിരെ നടപടിയെടുക്കണമെന്ന് മുത്തുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. പലിശക്കാരില്‍നിന്നു രക്ഷ തേടാനായി പൊലീസ് റവന്യു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക കേന്ദ്രത്തിനു രൂപം നല്‍കുമെന്നു കലക്ടര്‍ അറിയിച്ചു.സംഭവത്തെപ്പറ്റി അന്വേഷിക്കാനും കൊള്ളപ്പലിശക്കാരില്‍നിന്നു ജനങ്ങള്‍ക്കു രക്ഷ നല്‍കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും കലക്ടര്‍ സന്ദീപ് നന്ദുരി ഉത്തരവിട്ടു.