കായല്‍ കയ്യേറ്റ വിഷയം മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും; തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് നഗരസഭ

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു റവന്യുമന്ത്രി റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തില്ലെങ്കിലും പരാമര്‍ശ വിധേയമാകും എന്നാണു റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനു തീരുമാനിക്കാവുന്നതുമാണ്. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനുള്ളത്.

അതേസമയം, തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് നഗര സഭയും രംഗത്തെത്തി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കി. ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പും നഗര സഭ നല്‍കിയിട്ടുണ്ട്. ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങളുടെ നിര്‍മാണ അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണു നഗരസഭയില്‍ നിന്നു രേഖകള്‍ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 18 കെട്ടിടങ്ങളുടെ നിര്‍മാണ രേഖകള്‍ കണ്ടെടുത്തു.

അതിനിടെ ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിര്‍മാണം സംബന്ധിച്ചു കോടതിയില്‍ കേസുള്ളപ്പോഴാണു കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണു പരാതി.