മേല്‍ജാതിക്കാരിയുടെ ബക്കറ്റ് ‘തൊട്ടതിന്’ യുപിയില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു

ലക്‌നൗ:ജാതീയ വിദ്വേഷത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന യു.പി ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചത്. പ്രദേശത്തെ മേല്‍ജാതിക്കാരുടെ വീടുകളില്‍നിന്നുള്ള മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ജോലിക്കിടയില്‍, അബദ്ധത്തില്‍ മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ടതാണ് സാവിത്രിക്കു മര്‍ദ്ദനമേല്‍ക്കാന്‍ കാരണം.

സംഭവമിങ്ങനെ: വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കാനെത്തിയതായിരുന്നു സാവിത്രി. തൊട്ടടുത്തുകൂടി ഒരു ഓട്ടോറിക്ഷാ കടന്നുപോയപ്പോള്‍ അവര്‍ക്കു നിലതെറ്റി. മറിഞ്ഞുവീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടത്. ഇതേത്തുടര്‍ന്നു ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു ഓടിയെത്തി സാവിത്രിയെ മര്‍ദിക്കുകയായിരുന്നു. വയറ്റിനിട്ടു പലതവണ ഇടിച്ചു. തല ഭിത്തിയില്‍ ഇടിപ്പിച്ചു. തന്റെ ബക്കറ്റ് ‘തൊട്ട്’ അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു ഇത്. പിന്നാലെ അഞ്ജുവിന്റെ മകന്‍ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച് അടിച്ചു. ഒക്ടോബര്‍ 15നാണു സംഭവം നടന്നത്. സംഭവമുണ്ടായി ആറു ദിവസങ്ങള്‍ക്കുശേഷം സാവിത്രിയും ഗര്‍ഭത്തിലിരിക്കുന്ന ശിശുവും മരിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ അന്നുതന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പരിശോധിച്ചില്ലെന്ന് സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ (30) പറഞ്ഞു. ശരീരത്തില്‍ കാണാവുന്നതരത്തില്‍ ചോരയൊഴുകുന്നില്ലായിരുന്നു. അതുകൊണ്ട് അവര്‍ കുഴപ്പമില്ലെന്നു പറഞ്ഞെന്നും ദിലീപ് അറിയിച്ചു. വീട്ടിലെത്തിയെങ്കിലും തലവേദനയും വയറുവേദനയുമെന്നു സാവിത്രി പരാതിപ്പെടുന്നുണ്ടായിരുന്നു. പിന്നീട്, ദിലീപ് അഞ്ജുവിനെ കണ്ടു ഇക്കാര്യം ചോദിച്ചപ്പോള്‍ ഠാക്കൂര്‍ കുടുംബം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 18ന് പൊലീസില്‍ പരാതി നല്‍കി.

പരാതിയെത്തുടര്‍ന്നു മെഡിക്കോ – ലീഗല്‍ പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരുക്കൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. 20നു പോലീസെത്തി സ്ഥലം സന്ദര്‍ശിച്ചപ്പോഴാണു കാര്യങ്ങള്‍ വ്യക്തമായത്. തുടര്‍ന്ന് അഞ്ജുവിനും മകനുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. 21നാണു സാവിത്രി മരിക്കുന്നത്. തലയ്‌ക്കേറ്റ പരുക്കാണു മരണത്തിനു കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അ!ഞ്ജുവും രോഹിത്തും ഒളിവില്‍പ്പോയി.

2011ലെ സെന്‍സസ് അനുസരിച്ച് ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ 3,313 ജനങ്ങളില്‍ 30% പേര്‍ ദലിതരാണ്. ഇവിടെ ഠാക്കൂര്‍ – ദലിത് വഴക്കുകളും പ്രതിഷേധവും നിത്യസംഭവമാണ്.