പീഡനക്കേസില്‍ കുടുക്കുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദമ്പതികള്‍ അറസ്റ്റില്‍ ; പിടിയിലായത് മുന്‍ പോലീസ് ഡ്രൈവറും ഭാര്യയും
തിരുവനന്തപുരം : പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. മുന്‍ പോലീസ് ഡ്രൈവര്‍ പുഷ്‌കരന്‍ നായര്‍. ഇയാളെയും ഭാര്യ ശശികല (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഷാഡോ പോലീസ് ആണ് പുഷ്‌കരനെയും ശശികലയെയും അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിക്കുന്ന കാട്ടക്കടയിലെ വാടകവീടിന്റെ ഉടമസ്ഥനെതിരേ പ്രതികള്‍ നല്‍കിയ പരാതിയാണ് ഇരുവരെയും കുടുക്കിയത്. മകളെയും ഭാര്യയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് ഇയാള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നത്. പുഷ്‌കരന്‍ നായരുടെ രണ്ടാം ഭാര്യയാണ് ശശികല. ഇവരുടെ മകളെ പീഡിപ്പിക്കാന്‍ ഉടമസ്ഥന്റെ മരുമകന്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞമാസം കാട്ടാക്കട പോലീസില് പരാതി നല്‍കിയിരുന്നു. വീട്ടുടമസ്ഥനെയും മരുമകനെയും ബലാല്‍സംഗക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി.
കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈ കേസ് ഒതുക്കാന്‍ 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങി. മധ്യസ്ഥര്‍ മുഖേന വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുറച്ചു നാളായി ഷാഡോ പോലീസ് ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നല്‍കിയ പരാതി വ്യാജമാണെന്ന് സമ്മതിച്ചത്. കൂടാതെ മുമ്പ് സമാനമായ തട്ടിപ്പുകള്‍ നടത്താന്‍ പുഷ്‌കരനും ഭാര്യയും ശ്രമിച്ചിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചത്. പല ഭാഗത്തും വാടക വീടെടുത്ത് താമസിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്.
ഓരോ ഭാഗത്തും സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായി പോലീസ് പറയുന്നു. ഓരോ ഭാഗത്തും തട്ടിപ്പിലൂടെ പണം നേടിയ ശേഷം മാറിത്താമസിക്കുകയാണ് ഇവരുടെ രീതി. ശശികലയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ഫോണിലൂടെ യുവാക്കളുമായി സൌഹൃദം സ്ഥാപിക്കുന്ന ഇവര്‍ നേരിട്ട് കാണണം എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം നാട്ടുകാരെ വിളിച്ചുകൂട്ടി നാണം കെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണം എന്ന് വരുന്നവരോട് ആവശ്യപ്പെടും. ഇതിനു തയ്യാറാകാത്തവരുടെ പേരില്‍ പോലീസ് പരാതി നല്‍കുകയും തുടര്‍ന്ന്‍ മധ്യസ്ഥരേ വെച്ച് കേസ് ഒതുക്കി തീര്‍ക്കുകയാണ് പതിവ്.