കൗമാര ലോകകപ്പിന് കൊടിയിറങ്ങവേ, ലോകകപ്പിലെ രണ്ടു റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ തയ്യാറായി ഇന്ത്യ
ഇന്ത്യയില്‍ വിരുന്നെത്തിയ അണ്ടര്‍ പതിനേഴ് ലോകകപ്പ് ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുമ്പോള്‍ രണ്ടു റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അണ്ടര്‍ 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിലും ലോകകപ്പില്‍ പിറന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നതിലുമാണ് ഇന്ത്യന്‍ ലോകകപ്പ് റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുന്നത്.
ഫൈനലും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരവും ശേഷിക്കേ ആറായിരം കാണികള്‍ക്കൂടി സ്റ്റേഡിയത്തിലെത്തിയാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട അണ്ടര്‍ പതിനേഴ് ലോകകപ്പ് എന്ന റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാകും.1985ലെ അണ്ടര്‍ പതിനേഴ് ചാമ്പ്യാന്‍ഷിപ്പിനാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കാണികള്‍ കയറിയ റെക്കോര്‍ഡ്. അന്ന് 12,30,976 പേരാണ് കളികണ്ടത് എങ്കില്‍ രണ്ടു മത്സരം ശേഷിക്കേ ഈ ലോകകപ്പിന് സാക്ഷിയായത് 12,24,027 പേരാണ്.
ആറു വേദികളിലായി നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കാണ് ഏറ്റവും കൂടുതല്‍ കാണികളെ എത്തിച്ചതിനുള്ള റെക്കോര്‍ഡ് ഇപ്പോഴുള്ളത്. ഒന്‍പത് മത്സരങ്ങള്‍ക്കായി ഇതുവരെ 4,85,693 പേര്‍ കൊല്‍ക്കത്തയില്‍ കളികാണാന്‍ എത്തി.കളി കാണുന്നത് മാത്രമല്ല ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന റെക്കോര്‍ഡും ഇന്ത്യക്കാകും. ഇനി രണ്ടു ഗോളുകള്‍ കൂടെ മതി കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡ് ഇടാന്‍. ഇതുവരെ 50 മത്സരങ്ങളില്‍ നിന്നായി 150 ഗോളുകളാണ് ഈ ലോകകപ്പില്‍ പിറന്നത്. 152 ഗോളുകള്‍ എന്ന 2013 യു.എ.ഇ ലോകകപ്പിലെ റെക്കോര്‍ഡ് ആണ് ഇതുവരെയുള്ള റെക്കോര്‍ഡ്.