ഗുരുവായൂരിലെ അഹിന്ദുക്കളുടെ പ്രവേശനം ; വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം : അഹിന്ദുക്കളായ വിശ്വാസികളെ ക്ഷേത്ര പ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി . ഗുരുവായൂര്‍ ക്ഷേത്രത്തില് വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തന്‍റെ അഭിപ്രായം പറയുകയായിരുന്നു അദ്ധേഹം. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും എന്നാല്‍ ക്ഷേത്ര വിശുദ്ധി നില്‍നിര്‍ത്തികൊണ്ടാവണം നടപടികള്‍ മതവികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തില് വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണം. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തിന് സര്‍ക്കാരിനാണ് അധികാരം. എല്ലാ ആചാരങ്ങളും കാലഘട്ടത്തിന് അനുസരിച്ച് മാറും. സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ സഹകരിക്കാന്‍ തയാറാണെന്നും തന്ത്രി അറിയിച്ചിരുന്നു.