ഐഎസിയിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം പോലീസ് പിടിയില്‍

കണ്ണൂര്‍: നിരോധിത ഭീകരസംഘടനയായ ഐ.എസുമായി (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെക്കൂടി വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരും ഐ.എസിലേക്ക് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐ.എസ് നേതൃത്വവുമായി ബന്ധമുണ്ടെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. ഉത്തര കേരളത്തില്‍നിന്നുള്ള റിക്രൂട്ട്‌മെന്റിനു ഹംസയാണ് നേതൃത്വം നല്‍കിയത്. ഐ.എസുമായി ബന്ധമുള്ള മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തുര്‍ക്കിയില്‍നിന്ന് ഐ.എസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയില്‍ കെ.സി. മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്.

നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യു.എ.പി.എ 38,39 വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്. പിടിയിലായവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു.