ആധാര്‍ ഇല്ല റേഷന്‍ ഇല്ല ; ജാര്‍ഖണ്ഡില്‍ ഒരാള്‍കൂടി പട്ടിണി കിടന്ന് മരിച്ചു

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് പട്ടിണി മരണങ്ങള്‍ തുടര്‍ക്കഥയായിട്ടും വിഷയത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ കാരണം ജാര്‍ഖണ്ഡില്‍ ഒരാള്‍ കൂടി പട്ടിണികിടന്നു മരിച്ചു. ദിയോഗര്‍ ജില്ലയിലെ 75കാരനായ രൂപ് ലാലെന്ന കുടുംബനാഥനാണ് വിശപ്പ് മൂലം മരണത്തിന് കീഴടങ്ങിയത്. ജാര്‍ഖണ്ഡില്‍ ഈ മാസം പട്ടിണിമൂലമുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വാങ്ങിക്കാന്‍ ചെന്ന കുടുംബത്തിന് റേഷന്‍ നിഷേധിക്കുകയായിരുന്നു. തോട്ടം പണിക്കാരായ മക്കള്‍ക്ക് രണ്ടാഴ്ച്ചയായി ജോലിയുണ്ടായിരുന്നില്ല.

ഈ കുടുംബത്തിന് ആകെയുള്ള ആശ്രയം റേഷനായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ആധാര്‍ ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ ലഭിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇതാണ് കുടുംബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടത്. ജാര്‍ഖണ്ഡില്‍ പട്ടിണി മൂലം നേരത്തെ 11 കാരിയുള്‍പ്പെടെയുള്ളവര്‍ മരിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആധാര്‍ ബന്ധിപ്പിക്കുന്ന ഉത്തരവില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ പട്ടിണിമൂലം മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണിപ്പോള്‍.അതേസമയം, ഇവിടെയും മരണകാരണം നിഷേധിച്ച് അധികൃതര്‍ രംഗത്തെത്തി. രൂപ് ലാലിന്റെ മരണം പട്ടിണി മൂലമല്ലെന്നും പ്രായാധിക്യത്താലാണെന്നും അധികൃതര്‍ പറഞ്ഞു.