സൂപ്പര്‍ താരം മെസ്സിയെയും മറികടന്ന് ഇന്ത്യന്‍ നായകന്‍ കൊഹ്‌ലിയുടെ കുതിപ്പ്

31ഏകദിന സെഞ്ച്വറികളുമായി കുതിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോലി നേട്ടങ്ങളുടെ പുതിയ നെറുകയില്‍. ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെയും മറികടന്നു. കായിക താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം രേഖപ്പെടുത്തിക്കൊണ്ട് ഫോര്‍ബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ കോലി ഏഴാം സ്ഥാനത്താണ്.

37.2 മില്യണ്‍ ഡോളറുമായി റോജര്‍ ഫെഡററാണ് പട്ടികയില്‍ ഒന്നാമത്. 33.4 മില്യണ്‍ ഡോളറുമായി ബാസ്‌ക്കറ്റ് സൂപ്പര്‍താരം ലീബ്രോണ്‍ ജെയിംസ് രണ്ടാമതും 27 മില്യണ്‍ ഡോളറുമായി ഉസൈന്‍ ബോള്‍ട്ട് മൂന്നാം സ്ഥാനത്തുമാണ്. ഫുടബോളിലെ മറ്റൊരു ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം സ്ഥാനത്ത്. ഏഴാമതുള്ള വിരാട് കോലിയുടെ ബ്രാന്‍ഡ് മൂല്യം 14.5 മില്യണ്‍ ഡോളറാണ്. ഒമ്പതാം സ്ഥാനത്തുള്ള ലിയോണല്‍ മെസിയുടെ ബ്രാന്‍ഡ് മൂല്യം 13.5 മില്യണ്‍ ഡോളറാണ്.

അടുത്തിടെ മുപ്പത്തിയൊന്നാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോലിക്ക് മുന്നില്‍ ഇനി 49 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണുള്ളത്. 2017ലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഹാഷിം ആംലയെ മറികടന്ന കോലി, ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.