ജനജാഗ്രത യാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വാഹനത്തില്‍; കോടിയേരിയെ അറിയില്ലെന്ന് വാഹനയുടമ
കോഴിക്കോട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു.സ്വര്‍ണ്ണക്കടത്തുക്കേസില്‍ പ്രതിയായ ഫൈസല്‍ കാരാട്ട് എന്നയാളുടെ വാഹനമാണ് കോടിയേരി യാത്രക്കായി ഉപയോഗിച്ചതെന്നായിരുന്നു ഉയര്‍ന്നു വന്ന ആരോപണം. ഇതിനിടയില്‍ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന പ്രസ്താവനയുമായി കാരാട്ട് ഫൈസല്‍ രംഗത്തെത്തി.
സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് വാഹനം വിട്ടുകൊടുത്തത്. സ്വര്‍ണക്കടത്തുകേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നു വ്യവസായി കൂടിയായ ഫൈസല്‍ കാരാട്ട് പറഞ്ഞു. ഈ കേസില്‍പ്പെട്ട മറ്റു പ്രതികള്‍ക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡി.ആര്‍.ഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കൊടുവള്ളിയില്‍ കോടിയേരി യാത്ര നടത്തിയത്.
അതേസമയം, സ്വര്‍ണ കള്ളക്കടത്തുകേസില്‍ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം കളവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏഴാം പ്രതിയാണ് ഫൈസല്‍ ഇപ്പോഴും. മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിന്റെ കാറാണ് ഫൈസലിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തത്. വിവിധ വിമാനത്താവളങ്ങള്‍വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയതതായും കണ്ടെത്തി.
കാരാട്ട് ഫൈസല്‍ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവന്‍ കാര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ നിന്നു ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.