മോദിയുടെ കാലം കഴിഞ്ഞു ഇനി രാജ്യം ഭരിക്കാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധി എന്ന് ശിവസേന
മുംബൈ : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തിയും ശിവസേന. ശിവസേന എംപി സഞ്ജയ് റാവത്ത് ആണ് രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണ് എന്ന് പറഞ്ഞത്. മോദി തരംഗം മങ്ങി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദി തരംഗം ആഞ്ഞടിച്ചിരുന്നു. എന്നാല്‍, അതിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു. ജിഎസ്ടി നടപ്പാക്കിയതിനെതിരെ ഗുജറാത്തില്‍ നടന്ന മാര്‍ച്ചുകള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് റാവത്തിന്റെ പ്രതികരണം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വിനോദ് താവ്‌ദെയുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന. ജി.എസ്.ടിക്കെതിരായ ജനരോക്ഷം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നും ജി.എസ്.ടി നടപ്പിലാക്കിയ ശേഷം ഗുജറാത്തിലെ തെരുവില്‍ ജനങ്ങള്‍ അലഞ്ഞു നടക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്, വോട്ടര്‍മാര്‍. ഗുജറാത്തില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും സംസ്ഥാനത്ത് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനൊപ്പമാണ് ശിവസേന. ഹര്‍ദിക് പട്ടേല്‍ കടുത്ത ബി.ജെ.പി വിരുദ്ധ പക്ഷത്തുമാണ് നിലകൊള്ളുന്നത്. ഈ വര്‍ഷം ആദ്യം ഹര്‍ദിക് പട്ടേല്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍, ശിവസേനയുടെ മുഖപത്രമായ സാംനയിലൂടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ അവര്‍ ഉന്നയിക്കുന്നത്. മോദി തരംഗത്തെ മറികടക്കാന്‍ നൂറ് രാഹുല്‍ ഗാന്ധിമാര്‍ക്ക് കഴിയില്ലെന്നായിരുന്നു 2015-ല്‍ ശിവസേന പരിഹസിച്ചത്. ഈ നിലപാട് തിരുത്തുന്നതാണ് എംപിയുടെ വാദം.