യു.പി യില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിദേശികള്‍ക്ക് നേരെ ആക്രമണം

ആഗ്ര : താജ്മഹല്‍ മഹല്‍ സന്ദര്‍ശിച്ചു മടങ്ങിയ വിദേശികള്‍ക്ക് നേരെ ആക്രമണം. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ സ്വിസ് യുവതിക്കും സുഹൃത്തിനും നേരെ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ആക്രമണമുണ്ടായത്. ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) സുഹൃത്തായ മാരി ഡ്രോക്‌സ്(24) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘം വടി കൊണ്ടും കല്ലുകള്‍ കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ക്വെന്റിനും സുഹൃത്തായ മാരി ഡ്രോക്‌സും സെപ്തംബര്‍ 30നാണ് ലൂസിയാനയില്‍ നിന്നും ആഗ്രയിലെത്തിയത്. താജമഹല്‍ സന്ദര്‍ശത്തിനു ശേഷം ഫത്തേപൂര്‍ സിക്രി സന്ദര്‍ശിക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇവരെ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം ഇവര്‍ക്കെതിരെ ആക്രോശിക്കുകയും വഴക്കിടുകയും ചെയ്തു. ബലം പ്രയോഗിച്ച് ഇവരുടെ വഴി തടയുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്തു. ഒരു മണിക്കൂറോളം നേരമാണ് ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ആക്രമണത്തില്‍ ക്വെന്റിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ഇവരെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ചെവിയിലെ ഒരു നാഡിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിക്കാമെന്നും ആശുപത്രി അധികൃതര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.