ഉത്തര്‍പ്രദേശില്‍ പശുതൊഴുത്ത് ഉത്ഘാടനം ചെയ്യാന്‍ വേഗം എത്താന്‍ മന്ത്രിയും പരിവാരവും ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു
ലഖ്‍നൗ : ഉത്തര്‍പ്രദേശിലാണ് സംഭവം പശുത്തൊഴുത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയും പരിവാരങ്ങളുമാണ് പാടത്തിലൂടെ വാഹനമോടിച്ച് കൃഷി നശിപ്പിച്ചത്. യു പി ജയില്‍ മന്ത്രി ജയ് കുമാര്‍ സിംഗും അനുയായികളുമാണ് ആഗ്രയിലെ ജലൗനിലുള്ള കടുക് പാടം വാഹനമോടിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ആഗ്രയില്‍ നിന്ന് 230 കിലോ മീറ്റര്‍ അകലെ ജലൗനില്‍ ജയില്‍ മന്ത്രി ജയ് കുമാര്‍ സിംഗും അനുയായികളും ചേര്‍ന്ന് ഒരേക്കര്‍ കടുക് കൃഷിയുടെ ഒരു ഭാഗം നശിപ്പിച്ചത്. സമീപ ഗ്രാമമായ ബുന്ദേല്‍ഘണ്ഡില്‍ പുതിയതായി നിര്‍മ്മിച്ച പശുത്തൊഴുത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പാടത്തിന് നടുവിലൂടെ വാഹനമോടിക്കുകയായിരുന്നു. പെട്ടെന്ന് ഉദ്ഘാടനസ്ഥലത്തെത്തേണ്ടതിനാലാണ് പാടത്തിലൂടെ വാഹനമോടിച്ചതെന്നും കൃഷി നശിച്ചതിന് നഷ്ടപരിഹാരം നല്‍കിയെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി ജയ് കുമാര്‍ സിംഗ്.
എന്നാല്‍ കൃഷി മുഴുവന്‍ നശിച്ചതായും വായ്പയെടുത്താണ് കൃഷി ചെയ്തതെന്നും ദേവേന്ദ്ര ദോഹ്രെ പറഞ്ഞു. പാടത്തിനു വശത്തുള്ള റോഡില്‍ കൂടി വന്ന വാഹനങ്ങള്‍ പിന്നീട് പാടത്തേയ്ക്കിറക്കുന്നതിന്‍റെയും കൃഷി നശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ നഷ്ടപരിഹാരം നല്‍കി പ്രശ്നം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രി. കൃഷി നശിച്ചത് കണ്ട കര്‍ഷകന്‍ ദേവേന്ദ്ര ദോഹ്രെ മന്ത്രിയുടെ കാലില്‍ വീണ് കരയുന്നതും പിന്നീട് മന്ത്രി ഇയാളെ കൂട്ടിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. മന്ത്രി കര്‍ഷകന് 4,000 രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.