ഗുജറാത്തില്‍ ‘ഇക്തിയോസോറസ്’ ജീവിച്ചിരുന്നതായി കണ്ടെത്തി; ജുറാസിക് യുഗത്തിലെ ജീവികളുടെ പഠനത്തില്‍ നിര്‍ണായക വഴിത്തിരിവ്
ഡിനോസറുകളുടെ കാലത്തുണ്ടായിരുന്ന കടല്‍ ജീവിയുടെ ‘വ്യക്തതയാര്‍ന്ന’ ഫോസില്‍ ഇതാദ്യമായി ഇന്ത്യയില്‍ കണ്ടെത്തി. കടലില്‍ ജീവിക്കുന്ന ‘ഇക്തിയോസോര്‍’ വിഭാഗത്തില്‍പ്പെട്ട ഉരഗത്തിന്റെ ഫോസിലാണ് ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നു കണ്ടെത്തിയത്. ഡല്‍ഹി സര്‍വകലാശാലയിലെയും ജര്‍മന്‍ സര്‍വകലാശാലയിലെയും ഗവേഷകരാണു ഫോസില്‍ ഖനനത്തിനു നേതൃത്വം നല്‍കിയത്. ജുറാസിക് യുഗത്തിലെ ജീവികളുടെ പഠനത്തില്‍ നിര്‍ണായക വഴിത്തിരിവാണു കണ്ടെത്തെലെന്നു ഗവേഷകര്‍ പറയുന്നു. ജുറാസിക് കാലഘട്ടത്തില്‍ ഇന്ത്യ മറ്റു ഭൂഖണ്ഡങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരുന്നു എന്നു മനസിലാക്കാനും ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
നേരത്തേ ഇത്തരം ഫോസിലുകള്‍ പ്രധാനമായും കണ്ടെത്തിയിരുന്നത് വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. തെക്കേഅമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. കാര്യമായ കേടുപാടുകളൊന്നുമില്ലാതെ ഏകദേശം ‘പൂര്‍ണത’ കൈവരിച്ച ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്. 5.5 മീറ്റര്‍ നീളം വരുന്ന ഇത് ഒഫ്താല്‍മോസോറിഡേ കുടുംബത്തില്‍പ്പെട്ടതാണ്. 16.5 കോടി- ഒന്‍പതു കോടി വര്‍ഷത്തിനിടയ്ക്കാണ് ഇവ ജീവിച്ചിരുന്നതായി കരുതുന്നത്. ഗ്രീക്കുഭാഷയില്‍ ‘മത്സ്യപ്പല്ലി’ എന്നാണ് ഇക്തിയോസോറിന്റെ അര്‍ഥം. വായില്‍ പല്ലുള്ളതായിരുന്നു പ്രത്യേകതകളിലൊന്ന്. നീന്തുന്ന ദിനോസറുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്. എന്നാല്‍ ഭൂമുഖത്ത് ദിനോസറുകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ തന്നെ ഇക്തിയോസോറുകള്‍ ഉണ്ടായിരുന്നുവെന്നതാണു സത്യം.
വമ്പന്‍ ശരീരമായിരുന്നെങ്കിലും വേഗത്തില്‍ നീന്താനുള്ള കഴിവുണ്ടായിരുന്നു ഇവറ്റകള്‍ക്. ‘പ്ലോസ് വണ്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പക്ഷേ ഇവ ഏതു സ്പീഷീസില്‍പ്പെട്ടവയാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലും തെക്കേ അമേരിക്കയിലുമായി ജീവിച്ചിരുന്ന ഒഫ്താല്‍മോസോറിഡേ കുടുംബത്തിലെ ഒരിനമായിരിക്കുമെന്നാണു പ്രാഥമിക നിഗമനം. പുതിയ സാഹചര്യത്തില്‍ മേഖലയില്‍ പര്യവേക്ഷണം ശക്തമാക്കാനാണു ഗവേഷകരുടെ തീരുമാനം.