‘മെര്‍സല്‍’ സിനിമയാണ്, ജീവിതമല്ല: വിജയ് ചിത്രം മെര്‍സലിനെ വിലക്കാനാകില്ല, അന്തിമ വിധി പ്രേഷകരുടേതെന്ന് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനായ മെര്‍സലിലെ ജി.എസ്.ടി സംബന്ധിച്ച പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിവാദം കത്തിനില്‍ക്കേ ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി. ചിത്രത്തിലെ ജി.എസ്.ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യ;പ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും തള്ളിയത്.

സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്നും, സിനിമയിലെ സംഭാഷണങ്ങളില്‍ തെറ്റായ വിവരങ്ങളാണുള്ളത് ജി.എസ്.ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന രംഗങ്ങളും ചിത്രത്തിലേറെയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

എന്നാല്‍ രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ‘മെര്‍സല്‍’ പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. ചില സിനിമകളില്‍ പണക്കാരില്‍ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ? എന്ന് കോടതി ചോദിച്ചു.