കൗമാരക്കപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം; ഫിഫ അണ്ടര്‍17 ലോകക്കപ്പ് ഫൈനല്‍ ഇന്ന്, ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും സ്പെയിനും നേര്‍ക്കുനേര്‍
കൊല്‍ക്കത്ത: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് കിരീട ജേതാക്കളാരെന്ന് ഇന്നറിയാം. മൂന്നാഴ്ചയോളം നീണ്ട പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തിരശീല വീഴും. യൂറോപ്യന്‍ ടീമുകളായ സ്പെയിനും ഇംഗ്ലണ്ടും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയില്‍ രാത്രി എട്ടിന് ഫൈനല്‍ മത്സരത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ തങ്ങളുടെ ആദ്യ ലോകകിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
എല്ലാം ജയിച്ചാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ ശേഷം ശക്തമായി തിരിച്ചുവന്നാണ് സ്പെയിന് കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യൂറോപ്യന്‍ ടീമുകള്‍ തമ്മിലുള്ള കിരീടപ്പോരാട്ടം നടക്കുന്നത്.
സെമിയില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിനെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ബ്ര്യൂസ്റ്ററുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കിരീടം നേടുമെന്ന് ഏറെക്കുറെ എല്ലാവരും ഉറച്ച് വിശ്വസിച്ചിരുന്ന ടീമായിരുന്നു ബ്രസീല്‍. പക്ഷെ സെമിയില്‍ അവര്‍ കളിമറന്നവരെ പോലെയായി.
രണ്ടാം സെമിയില്‍ നിലവിലെ റണ്ണറപ്പും ആഫ്രിക്കന്‍ ശക്തികളുമായ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന്റെ വരവ്. വൈകിട്ട് അഞ്ചിന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ബ്രസീലും മാലിയും ഏറ്റുമുട്ടും.