കോടിയേരിയുടെ ‘ആഡംബര കാര്‍ യാത്രാ’വിവാദം; കൊടുവള്ളിയില്‍ ഇന്ന് എല്‍ഡിഎഫ് വിശദീകരണ യോഗം ചേരും

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്‍യാത്ര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് ഇന്ന് കൊടുവളളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. കാരാട്ട് റസാഖ് എം.എല്‍.എയ്‌ക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന പ്രചാരണം ചെറുക്കുക എന്നതും യോഗത്തിനല്‍ ചര്‍ച്ചയാകും.കാര്‍യാത്രാ വിവാദത്തില്‍ പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയതായി സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്രനയങ്ങളെ വിമര്‍ശിച്ചും കോടിയേരി നടത്തിയ ജനജാഗ്രത യാത്ര കൊടുവളളിയിലെ കാര്‍ യാത്രയോടെ പുതിയ വിവാദത്തിനു തിരികൊളുത്തിയ സാഹചര്യത്തിലാണ് എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലു മണിക്ക് കൊടുവളളിയില്‍ നടക്കുന്ന യോഗത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അടക്കമുളള നേതാക്കള്‍ പങ്കെടുക്കും.

ജനജാഗ്രത യാത്ര വിവാദമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക നേതൃത്വത്തിനാണെന്നും കോടിയേരിയെ കുറ്റപ്പെടുത്താനാകില്ലെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റി വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം താമരശേരി ഏരിയ കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്.