വയനാട് ചുരത്തിലെ ഏഴാം വളവില്‍; ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. വയനാട് ചുരത്തിലെ ഏഴാം വളവില്‍ ബസ് കുടുങ്ങിയതിനേത്തുടര്‍ന്നാണ് ചുരത്തില്‍ ഗതാഗതക്കുരുക്ക്. ഇന്ന് പുലര്‍ച്ചെ ചുരത്തില്‍ കാര്‍ കത്തി ഗതാഗത തടസ്സമുണ്ടായിരുന്നു. ഇതേ സ്ഥലത്തു തന്നെയാണ് തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് കുടുങ്ങിയത്. മൂന്നു മണിക്കൂറുകള്‍ ഗതാഗത തടസ്സമുണ്ടായതിന് ശേഷമാണ് ബസ് നീക്കാനുള്ള ശ്രമം തുടങ്ങിയത്. ഗതാഗത തടസ്സം നീക്കി വാഹനങ്ങള്‍ ഓടിത്തുടങ്ങിയെങ്കിലും ചുരത്തിലെ തിരക്ക് കുറയാന്‍ ഇനിയും സമയമെടുക്കുമെന്ന് പോലീസ് അറിയിച്ചു.

വളവിനരികില്‍ കത്തിയ കാര്‍ നീക്കാതെ വലിയ വാഹനങ്ങള്‍ക്ക് ചുരം കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവിടെയാണ് സ്‌കാനിയ ബസ് കുടുങ്ങിയത്. പിന്‍ചക്രം കുഴിയില്‍ ചാടി പിന്‍ഭാഗം റോഡില്‍ തട്ടിയ നിലയിലായിരുന്നു ബസ്.
താമരശേരി പോലീസ് സ്ഥലത്തെത്തി റോഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. താമരശേരി ചുരത്തില്‍ ഗതാഗത തടസ്സം പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചരക്കു ലോറികള്‍ കുടുങ്ങി ഇതുപോലെ ഗതാഗത തടസം അനുഭവപ്പെട്ടിരുന്നു.