ബിയര്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്

ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാനുള്ള അനുമതി ഹോട്ടലുകള്‍ക്ക് നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്കു തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാര്‍ ആയിരിക്കും. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ ചുമതലപ്പെടുത്തിയിരുന്നു.

സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകളാണ് എക്‌സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
രാജ്യത്ത് ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഹോട്ടലുകള്‍ക്കു സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷണറോട് ഉത്തരവിട്ടത്.

ബെംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിങ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുമതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതുകൂടി പരിശോധിച്ചശേഷമെ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കി.
നിലവില്‍ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ബിയറാണ് വന്‍കിട ഹോട്ടലുകള്‍ വില്‍ക്കുന്നത്. കര്‍ണ്ണാടകയിലെപ്പോലെ ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനു രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് അതികൃധര്‍ അറിയിച്ചു.