പതിനാറുകാരനെ എസ് ഐ മര്‍ദിച്ചത് സദാചാര പോലീസ് ചമഞ്ഞതിന് എന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് പതിനാറു വയസ്സുകാരനെ എസ്ഐ മര്‍ദ്ദിച്ച സംഭവത്തിന് പിന്നില്‍ സദാചാര പോലീസ് ചമയല്‍ എന്ന് റിപ്പോര്‍ട്ട്. നടക്കാവില്‍ വനിതാ ഹോസ്റ്റലിനു സമീപം കഴിഞ്ഞ ദിവസം രാത്രിയെത്തിയ മെഡിക്കല്‍ കോളെജ് എസ്‌ഐയെ ആളറിയാതെ ചോദ്യം ചെയ്തതിന് എസ് ഐ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേയാണ് സദാചാര പോലീസിങ് നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ് എസ്.ഐക്ക് നേരെ അവിടെയുള്ള യുവാക്കള്‍ തിരിഞ്ഞത്. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്‍ വെച്ച് ഇരുവരും സംസാരിക്കുമ്പോഴാണ് എസ്.ഐ.യെ ചോദ്യംചെയ്തത്.
നിലവില്‍ യുവതിയുമായുള്ള എസ്.ഐയുടെ നിക്കാഹ് കഴിഞ്ഞതാണ്. തുടര്‍ന്ന് ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്‍ത്തതോടെ സ്ഥലത്തേക്ക് കൂടുതല്‍ ആളുകളെത്തുകയായിയിരുന്നു. വിവാഹം നിശ്ചയിച്ചവരാണെന്ന് അറിയിച്ചെങ്കിലും ആളുകള്‍ പിന്മാറാന്‍ തയ്യാറായില്ലെന്ന് എസ്.ഐ. പറഞ്ഞു. നവംബര്‍ ഒമ്പതിനാണ് ഇരുവരും തമ്മിലുള്ള വിവാഹസത്കാരം. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ സാധനങ്ങള്‍ നല്‍കാന്‍ എത്തിയതായിരുന്നു എസ്.ഐ ഹബീബുള്ള. ഭാര്യയായ യുവതി താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഇടവഴിയില്‍ വെച്ചായിരുന്നു ഇരുവരും സംസാരിച്ചത്. എന്നാല്‍ സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതോടെ എസ്.ഐ തിരിച്ചുപോവുകയായിരുന്നു. അതേസമയം മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും ചതഞ്ഞിട്ടുണ്ട്. രണ്ട് ദിവസമായി കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.