ഉമ്മന്‍ചാണ്ടിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് പിന്നെന്താ സ്വര്‍ണ്ണക്കടത്ത് പ്രതിയുടെ കൂടെ എടുത്താല്‍ ; ന്യായീകരണവുമായി എം എല്‍ എ പി ടി എ റഹീം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി അബ്ദുള്‍ ലൈസിനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചുക്കൊണ്ട് ഇടത് എം എല്‍ എ പി ടി എ റഹീം രംഗത്ത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയാണ്. അദ്ദേഹത്തിന്റെ കൂടെ ഞാനെത്ര ഫോട്ടോ എടുത്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതിക്കൊപ്പം ഫോട്ടോയെടുക്കുന്നതില്‍ തെറ്റില്ലെന്നും എം എല്‍ എ വിശദീകരണം നല്‍കുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ ഗല്‍ഫില്‍ പോയിരുന്നു. അതിനിടെ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മേപ്പോയില്‍ എന്ന വ്യാപാര സ്ഥാപനത്തിന്റെ പരിപാടിക്കാണ് പോയതെന്നും അബ്ദുള്‍ ലെയ്‌സിന്റെ സ്ഥാപനമല്ല ഇതെന്നും എംഎല്‍എ വ്യക്തമാക്കി.

ഇനിയും ഫോട്ടോയെടുത്താല്‍ തനിക്ക് ഉത്തരവാദമില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. അതുപോലെ കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ വരെ ങ്കെടുത്ത ചടങ്ങാണ് ഇത്. ഇനിയും ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോഫേപോസ കേസിലെ പിടികിട്ടാപുള്ളിയായ അബ്ദുള്‍ലെയ്‌സിനൊപ്പം കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നീ എം.എല്‍.എമാരും കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ഈ ചിത്രത്തിലുണ്ട്. അതുപോലെ പ്രതി അബ്ദുള്‍ ലെയിസ് തന്റെ ബന്ധു കൂടിയാണെന്നും എം എല്‍ എ വെളിപ്പെടുത്തി.