നിയമം അഴിച്ചുപണിയുന്നു; രാത്രികാല കച്ചവടത്തിന് പച്ചക്കൊടി

രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത നിലവിലെ അവസ്ഥയ്ക്ക് വിരാമം. രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസം 24 മണിക്കൂറും, വര്‍ഷം മുഴുവനും വ്യാപാരം നടത്താം. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അഴിച്ചുപണിത,് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
നിലവിലെ നിയമം അനുസരിച്ചു രാത്രി പത്തിനുശേഷം കട പ്രവര്‍ത്തിക്കാനാവില്ല. ആഴ്ചയില്‍ ഒരു ദിവസം കട അവധിയായിരിക്കണം. രാത്രി വ്യാപാരം ചിലയിടങ്ങളില്‍ നടക്കുന്നതു തൊഴില്‍ വകുപ്പിന്റെ അനുമതിയോടെയാണ്. രാത്രി ഏഴുമണിക്ക് ശേഷം സ്ത്രീത്തൊഴിലാളികളെ ജോലി എടുപ്പിക്കാനും അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് യാത്രാസൗകര്യം ഒരുക്കിയാല്‍ സ്ത്രീകള്‍ക്ക് ഏതുസമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലിസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടുമണിക്കൂറില്‍ നിന്ന് ഒന്‍പതുമണിക്കൂറായി ഉയര്‍ത്തി. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ മാതൃകയനുസരിച്ചാണു പുതിയ നിയമം. ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പത്തു ജീവനക്കാരില്‍ കുറവുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കു ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ റജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യമില്ല. 24 മണിക്കൂറും, അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം തുറക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനുമ ഇരട്ടി ശമ്പളം. സ്ത്രീകള്‍ക്കു രാത്രി ഒന്‍പതുവരെ ജോലി. സമ്മതമാണെങ്കില്‍ ഒന്‍പതിനുശേഷവും തുടരാം. സ്ത്രീസുരക്ഷയും രാത്രി യാത്രാസൗകര്യവും ഉറപ്പാക്കണം. നിലവിലെ ലേബര്‍ ഇന്‍സ്‌പെക്ടര്‍, ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപന റജിസ്‌ട്രേഷന്‍ 10 വര്‍ഷത്തേക്കാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി വേണമെന്നും നിര്‍ദ്ദേശമുണ്ട്. തൊഴില്‍ ഉടമകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണിത്. വന്‍കിട സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്കു യാത്രാസൗകര്യം ഒരുക്കേണ്ടതു സ്ഥാപന ഉടമയാണ്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്റേതു കൂടിയാണ്.