ഗുജറാത്തില്‍ കൂട്ടശിശുമരണം ; സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ

യു പിയിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിന് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് നവജാതശിശുക്കള്‍ മരിച്ചു. വിവിധ സ്വകാര്യാശുപത്രികളില്‍ നിന്നായി ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളാണ് മരിച്ചവരിലേറെയും. അതേസമയം അഞ്ചുകുട്ടികളുടെ നില ഗിരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണപ്പെട്ടതിൽ 4 കുട്ടികൾ മാത്രമാണ് ആശുപത്രിയിൽ ജനിച്ചതെന്നും ബാക്കി കുഞ്ഞുങ്ങളെ മറ്റു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവിടെ കൊണ്ടു വന്നതാണെന്നു മെഡിക്കൽ സുപ്രണ്ട് എംഎം പ്രഭാകരൻ പറഞ്ഞു.

തൂക്കക്കുറവാണ് കുട്ടികള്‍ മരിക്കുവാന്‍ കാരണമെന്ന് പറയുന്നു. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഗുജറാത്ത് ആരോഗ്യകമ്മീഷണര്‍ ഡോ ജയന്ത് രവി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, ജനങ്ങളുടെ പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തി ആശുപത്രിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ അഭാവത്തില്‍ ഒരാഴ്ചയ്ക്കിടെ 70 കുഞ്ഞുങ്ങള്‍ മരിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന്റെ പേരിലുള്ള വിമര്‍ശനങ്ങളും അന്വേഷണവും തുടരുന്നതിനിടെയാണ് അഹമ്മദാബാദിലെ ശിശുമരണ വാര്‍ത്തയുമെത്തിയത്.