പാടില്ല എന്ന് പറഞ്ഞ ജാനകിയമ്മയെ സോഷ്യല്‍ മീഡിയ കൊന്നു

പ്രശസ്ത വ്യക്തികളെ കൊല്ലുക എന്നത് സോഷ്യല്‍ മീഡിയയുടെ ഒരു മുഖ്യ സമയം പോക്കാണ്. സലിംകുമാര്‍, മാമുക്കോയ, അമിതാഭ് ബച്ചന്‍, ജാക്കി ചാന്‍ എന്നിങ്ങനെയുള്ള സിനിമാ താരങ്ങളെ പല തവണയാണ് ഇവര്‍ കൊലപ്പെടുത്തിയത്. തങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഇവര്‍ക്ക് പല തവണയായി മാധ്യമങ്ങളോട് പറയേണ്ടിയും വന്നു. അത്തരത്തില്‍ ഇപ്പോള്‍ ഇവരുടെ ഇര മലയാളത്തിന്റെ പ്രിയ പാട്ടുകാരിയായ ജാനകിയമ്മയാണ്.ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വാര്‍ത്തയാണ് ചിലര്‍ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മൈസുരുവിലെ മാനസ ഗംഗോത്രിയിലെ   ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു.  1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.