പ്രേക്ഷകരെ കൊല്ലുന്ന വില്ലന്‍
സച്ചിന്‍ ജെയിംസ്
വാനോളം പ്രതീക്ഷകളുമായിട്ടാണ് വില്ലന്‍ കാണുവാന്‍ കയറിയത്. മോഹന്‍ലാല്‍ ആരാധകരുടെ ഒരു സൈന്യം തന്നെ പടം കാണുവാന്‍ അവിടെ സന്നിഹിതരായിരുന്നു. സിനിമ മോഹന്‍ ലാലിന്റെ ആണ് ലാലേട്ടന്‍ കി ജയ് വിളി അവിടെ മുഴുവന്‍ നിറഞ്ഞു കേള്‍ക്കാമായിരുന്നു. നല്ല കാര്യം കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ പേര് മാറി മലയാള സിനിമയിലെ ഒരു അച്ഛനും മകനും എതിരെ തെറി വിളിയായി. അതും കഴിഞ്ഞു ജയിലില്‍ പോയ നടന് നേരെയായി അതെല്ലാം കഴിഞ്ഞപ്പോള്‍ അയാളുടെ മുന്‍ ഭാര്യയുടെ പേര് ഉയര്‍ന്നു കേട്ടു. ഈ സിനിമയിലെ നായികായ അവരെയും ഫാന്‍സ് തെറി വിളിക്കുകയാണോ എന്ന് തോന്നിപ്പോയി അപ്പോഴാണ് അവര്‍ക്കും കി ചെയിന്‍ അല്ല കി ജയ് കി ജയ് ആണ് വിളിക്കുന്നത് എന്ന് മനസിലായത് (ഇവരൊക്കെ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ നന്നായേനെ). ഇനി സിനിമയിലേയ്ക്ക് വരാം. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും ഹൈപ്പ് ക്രിയേറ്റ് ആയ സിനിമ. ഇന്ത്യയില്‍ ആദ്യമായി 8kയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച സിനിമ. ലാലേട്ടന്‍, മഞ്ജുവാര്യര്‍, വിശാല്‍, ഹന്‍സിക ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്താന്‍ കാരണങ്ങള്‍ അനവധി. അതുപോലെ പുറത്തു വന്ന ട്രെയിലര്‍. അതിനു പിന്നാലെ താരങ്ങളുടെയും സംവിധായകന്‍റെയും ഉറപ്പുകള്‍.ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചാണ് ഇടിയും തൊഴിയും കൊണ്ട് സിനിമയ്ക്ക് കയറിയത്. എന്നാല്‍ തിയറ്ററിനു പുറത്ത് കണ്ടതും കേട്ടതും എല്ലാം വെറും തള്ളുകള്‍ മാത്രമാണ് എന്ന ഭീകരമായ സത്യം സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി.
നഗരത്തിൽ ഒഴിഞ്ഞവീട്ടിൽവെച്ച് മൂന്ന് പേരുടെ അസ്വാഭാവിക കൊലപാതകത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.ക്ലാസ് ആക്കുവാന്‍ ആകും വളരെ പതിഞ്ഞ താളത്തിലാണ് ചിത്രം ആരംഭിക്കുന്നത്. അവിടുന്ന് തന്നെ ആരംഭിക്കുന്നു ചിത്രം പ്രേക്ഷകനുമേൽ നടത്തുന്ന പരീക്ഷണങ്ങളും ആരംഭിക്കുകയായിരുന്നു എന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി. ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താന്‍ പോലും ചിത്രത്തില്‍ ത്രില്ലിംഗ് ആയി ഒന്നും ഇല്ലായിരുന്നു. ഊഹത്തിൽ പിടിക്കാവുന്ന കഥാഗതി യാണ് ഇവിടെ പ്രേക്ഷകന്റെ വില്ലൻ. സമൂഹത്തിലെ അതിക്രമങ്ങൾക്കെതിരെരെ പ്രതികരിക്കുന്ന അതെ തൊണ്ണൂറുകളിലെ വില്ലൻ തന്നെയാണ് ഇവിടേം. എന്നാൽ അതിനായി അവലംബിച്ച രീതി അൽപ്പം പുതുമയുള്ളതായിരുന്നു എന്ന് മാത്രം. മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ എന്ന അഭിനേതാവ് വീണ്ടും വിസ്മയമായി. തന്റെ കുടുംബത്തെ കേന്ദ്രീകരിച്ചു നടന്ന ദുരന്തം അയാളിലുണ്ടാക്കിയ മാറ്റങ്ങൾ ഏറെയായിരുന്നു. സിനിമയില്‍ ആകെ കാണാന്‍ എന്തെങ്കിലും ഉള്ളത് ലാലേട്ടന്റെ അഭിനയം മാത്രമായിരുന്നു. വിശാല്‍ എന്തിനു അഭിനയിക്കാന്‍ സമ്മതിച്ചു എന്ന കാര്യം ഇപ്പോഴും അവ്യക്തം. തമിഴില്‍ വിശാല്‍ നായകനായ തുപ്പറിവാലന്‍ എന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ നല്ല പേര് സമ്പാദിച്ച സമയം തന്നെ വില്ലന്‍ പോലെ ഒരു ദുരന്തത്തിന് തല വെയ്ക്കണമായിരുന്നോ. ചെറിയറോളിലാണെങ്കിലും മഞ്ജുവാര്യറിന്റെ പ്രകടനം തൃപ്തികരമായിരുന്നോ എന്ന് ചോദിച്ചാല്‍ മറുപടി ഇല്ല കാരണം ഒന്നും അങ്ങോട്ട് ഏറ്റതായി തോന്നിയില്ല.അതിനേക്കാള്‍ ദുരന്തം ആയത് മലയാളത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കുള്ള ക്ഷാമം ഈ ചിത്രത്തിലെ ഹൻസികയുടെ വേഷം കണ്ടപ്പോഴാണ് തോന്നിയത്. കുറച്ചു നേരത്തെ ഭാവാഭിനയത്തിനു അപ്പുറത്തേക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ആ കൊച്ചിനെ എന്തിനു വിളിച്ചു എന്ന് ആരോട് ചോദിക്കാന്‍.മലയാളികള്‍ കണ്ടു മറന്ന ക്ലീഷേകളുടെ ഘോഷയാത്ര ആയിരുന്നു സിനിമ മുഴുവന്‍. ഇടവേള ആകുന്നതിന് മുന്‍പേ ക്ലൈമാക്സ് എന്താകും എന്ന് ഊഹിക്കാവുന്നതെയുള്ളൂ. കഥയായിട്ട്എടുത്ത് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല.
4 മ്യൂസിക്കിന്റെതായി 4 പേര് ചേർന്നൊരുക്കിയ ഗാനങ്ങളെക്കാൾ സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമായിരുന്നു നന്നായത്. സന്ദർഭങ്ങൾക്ക് ഇണങ്ങിയ പശ്ചാത്തലസംഗീതമായിരുന്നു ചിത്രത്തിലേത്. ലാലേട്ടനെ മലയാളത്തിലെ രജനികാന്ത് ആക്കുവാന്‍ ആരാധകരും ചില സംവിധായകരും കച്ചകെട്ടി ഇറങ്ങിയിട്ട് കാലം കുറേയായി. മുന്‍പ് നരസിംഹം , രാവണപ്രഭു ഒക്കെ കത്തി നിന്ന സമയം ഇതുപോലെ കുറച്ചു ശ്രമങ്ങള്‍ ഉണ്ടായതാണ്. മോഹനലാല്‍ എന്ന അഭിനേതാവിനെയാണ് അക്കാലത്ത് മലയാളികള്‍ക്ക് നഷ്ടമായത്. തുടര്‍ന്ന്‍ ഒരു ബാലേട്ടന്‍ വേണ്ടി വന്നു അദ്ധേഹത്തെ വിജയങ്ങളിലെയ്ക്ക് തിരികെ കൊണ്ട് വരാന്‍.സത്യത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വില്ലനെ പുകഴ്ത്തി പോസ്റ്റ് ഇടുകയും ചിത്രം പോര എന്ന് പറയുന്നവരുടെ വീട്ടുകാരെ വരെ തെറി വിളിക്കുന്ന ഫാന്‍സിലെ പിള്ളേര്‍ എന്താണ് സ്ഥാപിക്കുവാന്‍ ഉദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഈ ഫാന്‍സുകാര്‍ വിചാരിച്ചാല്‍ മാത്രം ഒരു സിനിമ ഹിറ്റ് ആകില്ല. അങ്ങനെ എല്ലാം ഫാന്‍സ് ആണ് നടത്തിയിരുന്നത് എങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടെ എല്ലാം സിനിമകള്‍ 100 ദിവസം ഓടുമായിരുന്നു. സത്യത്തില്‍ സിനിമ വെറുപ്പിച്ചതിനേക്കാള്‍ പടം കാണുവാന്‍ വന്ന ആരാധകരാണ് വെറുപ്പിച്ചത്. ഇവരെ ലാലേട്ടന്‍ നിയന്ത്രിച്ചില്ല എങ്കില്‍ ഭാവിയില്‍ താങ്കളുടെ സിനിമകള്‍ കാണുവാന്‍ കുടുംബങ്ങള്‍ കയറുന്നത് ചിലപ്പോള്‍ നിന്ന് പോയേക്കാം.