ഫഹദ് ഫാസിലും സര്‍ക്കാരിനെ വെട്ടിച്ചു; താരത്തിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍

കൊച്ചി :ചലച്ചിത്ര നടി അമല പോളിന് പിന്നാലെ നടന്‍ ഫഹദ് ഫാസിലും നികുതി വെട്ടിപ്പ് നടത്തിയാതായി ആരോപണം. ഫഹദിന്റെ 70 ലക്ഷം വില വരുന്ന മെഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമാണുണ്ടായിരിക്കുന്നത്.ഫഹദ് ഫാസില്‍, നമ്ബര്‍ 16, സെക്കന്റ് റോസ്, ലോസ്‌പെട്ട്, പുതുപ്പെട്ടി എന്ന വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതാകട്ടെ ലോസ്‌പെട്ടിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ വിലാസമാണ്.

എന്നാല്‍ ഫഹദ് എന്നുപേരുള്ള ആളെ അറിയുക പോലുമില്ലെന്നാണ് വീട്ടുടമ പറയുന്നത്. ഫഹദ് ഫാസിലും കുടുംബവും തൃപ്പൂണിത്തുറയിലെ ചോയ്‌സ് ടവറിലാണ് താമസിക്കുന്നത്. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപ നല്‍കിയാണ് ഫഹദ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥിര താമസമുള്ളവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.

നടി അമല പോളും ഇത്തരത്തില്‍ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് അമല കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 20 ലക്ഷം രൂപ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമലയെ നേരിട്ട് അറിയില്ലെന്ന് വിദ്യാര്‍ഥി വ്യക്തമാക്കിയിരുന്നു.