അന്നം മുടങ്ങും;കൃത്യമായി വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയുമെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടഞ്ഞു വയ്ക്കുമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്.സിവില്‍ സപ്ലൈസിനെ അറിയിക്കാതെ മുടക്കംവരുത്തുന്നവരുടെ റേഷന്‍വിഹിതമാണ് തടയുന്നത്. റേഷന്‍വിഹിതം തടയുമെങ്കിലും ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനാണ് ഭഷ്യ വകുപ്പ് ഇത്തരത്തിലുള്ള നടപടിയിലേക്കു കടക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കും.റേഷന്‍വിഹിതം നിശ്ചിതകാലയളവിലേക്ക് ആവശ്യമില്ലാത്തവര്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ആ കാലയളവുവരെയുള്ള റേഷന്‍ തടഞ്ഞുവെയ്ക്കുകയും തുടര്‍ന്ന് അവര്‍ക്ക് പുനഃസ്ഥാപിച്ചുനല്‍കുകയും ചെയ്യുകയുള്ളൂ.
സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ 1.55 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നല്‍കുന്നത്. 1.21 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോടെ ധാന്യം നല്‍കുന്നു. ശേഷിക്കുന്നവര്‍ക്ക് 8.90 രൂപ നിരക്കിലാണ് അരി നല്‍കുന്നത്.
അന്ത്യോദയ (മഞ്ഞ) കാര്‍ഡില്‍ ഉള്‍പ്പെട്ട 64,000 കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നല്‍കുന്നത്. ഇത് വാങ്ങാത്തവരുടെ വിഹിതം മുന്‍ഗണനാ വിഭാഗത്തില്‍ ഒന്നാമത് നില്‍ക്കുന്ന കാര്‍ഡുടമയ്ക്ക് നല്‍കും.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്(പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്ബും നല്‍കും. ഈ വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കിയാല്‍ തൊട്ടടുത്ത് പട്ടികയില്‍ മുന്നിലുള്ള മുന്‍ഗണനേതര സബ്‌സിഡി(നീല) വിഭാഗത്തിന് നല്‍കും. ഈ വിഭാഗത്തില്‍ വാങ്ങാത്തവരുടെ റേഷന്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കും. പൊതുവിഭാഗത്തിലും വാങ്ങാത്തവരുടെ റേഷന്‍ സ്‌കൂള്‍, ആസ്പത്രി, ജയില്‍ എന്നിവര്‍ക്ക് നല്‍കും. മാസം 1.18 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതില്‍ 46 ശതമാനം ധാന്യവും സൗജന്യമായി നല്‍കുന്നതാണ്. ശേഷിക്കുന്നതിനുമാത്രമാണ് പണം ഈടാക്കുന്നത്.