മില്ലര്‍ ബംഗ്ലാദേശിനെതിരെ ‘കില്ലറാ’യപ്പോള്‍ സ്വന്തമാക്കിയത് ടിട്വന്റിയിലെ അതിവേഗ സെഞ്ചുറി
ഡര്‍ബന്‍: ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി നേടി ഡേവിഡ് മില്ലര്‍ റെക്കോഡിട്ട മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. പരമ്പരയിലെ രണ്ടാം ടിട്വന്റിയില്‍ 83 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 18.3 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ അതിവേഗ സെഞ്ചുറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.35 പന്തുകള്‍ മാത്രം നേരിട്ട മില്ലര്‍ ഏഴു ബൗണ്ടറിയുടെയും ഒന്‍പത് സിക്‌സുകളുടെയും അകമ്പടിയില്‍ സെഞ്ചുറി നേടി ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. 2012ല്‍ ഹാമില്‍ട്ടണില്‍ ന്യുസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം റിച്ചാര്‍ഡ് ലെവി നേടിയ 45 പന്തില്‍ നിന്നുള്ള സെഞ്ചുറി റെക്കോഡാണ് മില്ലര്‍ പഴങ്കഥയാക്കിയത്. 51 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ച ഹാഷിം അംലയും ദക്ഷിണാഫ്രിക്കയ്ക്കായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.
17ാം ഓവറില്‍ അംല പുറത്തായ ശേഷവും മില്ലര്‍ ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്നു. ഡെത്ത് ഓവറില്‍ അടിച്ചു പരത്തിയ ദക്ഷിണാഫ്രിക്കന്‍ താരം16.3 ഓവറിന് ശേഷം 67 റണ്‍സാണ് അടിച്ചെടുത്തത്. ബംഗ്ലാദേശ് ഫീല്‍ഡര്‍മാരുടെ പിഴവും മില്ലറിന് തുണയായി. മില്ലര്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന് മുന്‍പ് ക്യാച്ചിനുള്ള അവസരം കൈവിട്ടതിനോടൊപ്പം റണ്‍ഔട്ടിനുള്ള അവസരവും ബംഗ്ലാ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. ജയത്തോടെ 20ത്തിന് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി