ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍; എന്‍.ഐ.എ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും
ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ഹാദിയയുടെ ഭാഗം കേള്‍ക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. അതേസമയം കോടതിയുടെ അനുമതിയില്ലാതെ കേസില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണം ചോദ്യം ചെയ്ത് കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനും ഷെഫിന്‍ ജഹാന്‍ നീക്കം തുടങ്ങി.
ഹാദിയ കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും, ഒപ്പം സമാനമായ സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളുമാണ് സീല്‍ വെച്ച കവറില്‍ എന്‍.ഐ.എ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയുടെ മതപരിവര്‍ത്തനം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ ആവശ്യപ്പെടും. മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് രവീന്ദ്രന് പകരം പുതിയ റിട്ട. ജഡ്ജിയെ നിയമിക്കുന്നതിന് മുമ്പുതന്നെ കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചത് തെറ്റാണെന്ന് ഷെഫിന്‍ ജഹാന്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നായിരുന്നു കോടതിയുത്തരവ്. എന്നാല്‍, മേല്‍നോട്ടത്തിനു തയാറല്ലെന്നു ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മറ്റാരെയും മേല്‍നോട്ടത്തിനു കോടതി നിയോഗിച്ചിട്ടില്ല. എന്നിട്ടും അന്വേഷണം നടത്തിയ എന്‍.ഐ.എയുടെ നടപടി കോടതിയലക്ഷ്യമെന്നാണ് ഷെഫിന്‍ ജഹാന്റെ നിലപാട്. ഇതിനെതിരെ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അഭിഭാഷകര്‍ ഇന്നു തീരുമാനമെടുക്കും. കൂടാതെ ഹാദിയയുടെ മാനസികാരോഗ്യ നില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയമിക്കണമെന്നും, കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഹാദിയയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ആവശ്യപ്പെടും.
ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചു വിവാഹം അസാധുവാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നു കഴിഞ്ഞ ഒന്‍പതിനു കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞിരുന്നു. ഹര്‍ജിക്കാരനു പുറമെ, ഹാദിയയുടെ പിതാവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും കോടതി അന്നു വ്യക്തമാക്കിയിരുന്നു.