നവംബര്‍ 27നു ഹാദിയയെ നേരിട്ടു ഹാജരാക്കണം ; കുറ്റവാളിയെ വിവാഹം കഴിച്ചാലും തടയാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍, ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രീംകോടതി. പിതാവ് കെ.എം. അശോകനോട്, നവംബര്‍ 27നു മൂന്നു മണിക്കു ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്നാണ് ഉത്തരവ്.ഹാജരാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.
കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. അടച്ചിട്ട മുറിയില്‍ വേണം ഹാദിയ്ക്കു പറയാനുള്ളതു കേള്‍ക്കണമെന്നായിരുന്നു അച്ഛന്‍ അശോകന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ഹാദിയയുടെയും പിതാവിന്റേയും എന്‍.ഐ.എയുടേയും ഭാഗം കോടതി കേള്‍ക്കുമെന്നും ഇതിന് ശേഷം കേസില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
തീവ്രവാദ നിലപാടുള്ളവരുമായി ഷഫിന്‍ ജഹാനു ബന്ധമാരോപിച്ചും മറ്റും ഹാദിയയുടെ പിതാവ് ചില രേഖകള്‍ കോടതിക്കു നല്‍കിയിട്ടുണ്ട്. രണ്ടു പത്രവാര്‍ത്തകളും പോപ്പുലര്‍ ഫ്രണ്ടിന്റെ പണപ്പിരിവിനെക്കുറിച്ചു വെബ്‌സൈറ്റിലുള്ള വിശദാംശങ്ങളും ഇതിലുള്‍പ്പെടുന്നു.
സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും അത് നിയമപരമായി തടയാന്‍ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍.ഐ.എ ഇന്ന് കോടതിയെ അറിയിച്ചു. ഹാദിയാക്കേസ് ‘സൈക്കോളജിക്കല്‍ കിഡ്‌നാപ്പിങ്ട ആണെന്നാണ് എന്‍.ഐ.എ വാദിച്ചത്.