മോദിയുടെ സ്വച്ഛ് ഭാരതില്‍ 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ കക്കൂസില്ല ; ഇത് ആന്ധ്രയിലെ മാത്രം കാര്യം

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ സ്വച്ഛ് ഭാരതിന്‍റെ ഭാവി തന്നെ അവതാളത്തില്‍ ആക്കുന്ന തരത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ ഇപ്പോള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട്. എല്ലാ വീട്ടിലും ശൌചാലയം എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കേണ്ട രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ പോലും കക്കൂസുകള്‍ ഇല്ല. ആന്ധ്രാപ്രദേശില്‍ മാത്രമുള്ള കണക്കുകള്‍ നോക്കുകയാണ് എങ്കില്‍ 3574 രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ ശൌചാലയം ഇല്ല. വിജയന​ഗരം ജില്ലാകളക്ടർ വിവേക് യാദവാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. സംസ്ഥാനത്തെ വിജയന​ഗരം ജില്ലയിൽ മാത്രം 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും കക്കൂസ് ഇല്ലെന്ന് കണക്കുകൾ. ജില്ലയിലെ 62 സ്കൂളു​കളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി.

3,419 വാർഡ് അംഗങ്ങളുടേയും 120 സർ​പഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു. വിജയനഗരത്തിന്റെ സ്വച്ഛ് ഭാരത് റാങ്ക് പൊതു​ജനങ്ങൾ മനസിലാക്കണമെന്ന് റിപ്പോർട്ട് പുറത്ത് വിട്ടുകൊണ്ട് കളക്ടർ വിവേക് യാദവ് പറഞ്ഞു. ആളുകളുടെ മനോഭാവം മാറണം. ശൗചാലയം ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ആളുകൾക്ക് അവബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.