ബ്രിട്ടനില്‍ വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ്‌സ് വാങ്ങാന്‍ ആവശ്യപ്പെട്ട മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ലണ്ടന്‍: വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത മന്ത്രിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്താരാഷ്ട്ര വാണിജ്യ വ്യാപാര മന്ത്രിയായ മാര്‍ക് ഗാര്‍ണിയക്കെതിരെയാണ് സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണ്‍ പരാതി നല്‍കിയത്. മന്ത്രിമാരുടെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ നിരന്തരം ഉയരുന്നതിനിടെ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

2010ല്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം അവിടെ നിന്ന് രണ്ട് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഒരെണ്ണം തന്റെ ഭാര്യയ്ക്കും മറ്റൊന്ന് തന്റെ ഓഫീസിലെ ഒരു ജീവനക്കാരിക്കും വേണ്ടിയാണെന്നും മാര്‍ക് ഗാര്‍ണിയ പറഞ്ഞുവെന്നും ദ സണ്‍ഡേ മെയില്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരളിന്‍ എഡ്മണ്ട്‌സണ്‍ പറഞ്ഞു.

പിന്നീടൊരിക്കല്‍ ഒരു ബാറില്‍ വെച്ച് മറ്റുള്ളവര്‍ കേള്‍ക്കെ മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അവര്‍ പറഞ്ഞു. താന്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് പോയി മറ്റൊരു എം.പിക്ക് വേണ്ടി ജോലി ചെയ്യുമെന്ന് അദ്ദേഹം ഭയന്നിരുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിച്ചതെന്നും കാരളിന്‍ കൂട്ടിച്ചേര്‍ത്തു.