ആണവായുധ പരീക്ഷണത്തിനിടെ ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് 200ല്‍ അധികം പേർ കൊല്ലപ്പെട്ടു
ലണ്ടൻ: ഉത്തരകൊറിയയുടെ ആണവ കൊതിയില്‍ നഷ്ടമായത് 200ല്‍ അധികം ജീവന്. ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയിലാണ് ടണല്‍ തകര്‍ന്ന് വീണത്.യൂറോപ്യൻ മാധ്യമങ്ങളാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തര കൊറിയയുടെ വടക്കുകിഴക്കൽ മേഖലയായ പ്യൂഗ്യെരിയിൽ നിർമാണം പുരോഗമിക്കുന്ന ടണൽ സെപ്റ്റംബർ മൂന്നിനു നടത്തിയ ആണവ പരീക്ഷണത്തോടെ ദുർബലമാകുകയും ഇതേമാസം പത്തിനു തകർന്നു വീഴുകയായിരുന്നെന്ന് ജാപ്പനീസ് ടിവിയെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍.
1945-ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്. ആദ്യ അപകടത്തിൽ 100 പേരാണു മരിച്ചത്. ഈ അപകടത്തിന്റെ രക്ഷാപ്രവർത്തനം നടക്കവെ വീണ്ടും ടണൽ ഇടിയുകയായിരുന്നു. ഇങ്ങനെ അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 200 ആയെന്ന് ആഷി ടിവി റിപ്പോർട്ടിൽ പറയുന്നു. തുടര്‍ച്ചയായ ആണവ പരീക്ഷണത്തെ തുടര്‍ന്ന് പ്യുഗെരി മേഖലയ്ക്ക് ബലക്ഷയമുണ്ടായതായി വിലയിരുത്തലുകളുണ്ട്. ആറാമത് ആണവ പരീക്ഷണത്തിന് ശേഷം മേഖലയില്‍ ചെറു ചെറു ഭൂചലനങ്ങളും മണ്ണിടിച്ചിലും വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്.