വിവാദം വിട്ടൊഴിയാതെ മെര്‍സല്‍; കളക്ഷന്‍ റിപ്പോര്‍ട്ട് വെറുംതള്ള്, 200 പോയിട്ട് 100 കോടി പോലും ചിത്രം നേടിയില്ല, വെളിപ്പെടുത്തലുമായി വിതരണക്കാര്‍
അറ്റ്‌ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ മെര്‍സല്‍ തിയറ്ററുകളില്‍ മുന്നേറുമ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. റിലീസിന് മുന്‍പ് തന്നെ മെര്‍സലിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ ദീപാവലി ദിനത്തില്‍ റിലീസായ മെര്‍സല്‍ വീണ്ടും വിവാദത്തില്‍പ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ജി.എസ്.ടിയെയും, നോട്ടു നിരോധനത്തെയും വിമര്‍ശിക്കുന്നു എന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത് വന്നതോടെ മെര്‍സല്‍ വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞു.
പക്ഷെ ഒട്ടേറെ സിനിമാ താരങ്ങളും കോണ്‍ഗ്രസ്സും മെര്‍സലിന് പിന്തുണയുമായെത്തിയതോടെ താല്‍ക്കാലിക ആശ്വാസമായി. മദ്രാസ് ഹൈക്കോടതിയും മെര്‍സലിന് അനുകൂല വിധി പുറപ്പെടുവിച്ചതോടെ വിവാദങ്ങള്‍ക്കു താല്‍ക്കാലിക വിരാമമായിരുന്നതാണ്. എന്നാല്‍ ചിത്രത്തിനെതിരെ വീണ്ടും ആരോപണം തലപ്പൊക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച വിജയ ചിത്രമെന്ന നിലയിലേക്ക് മെര്‍സല്‍ കുതിക്കുന്ന ചിത്രം, ലോകവ്യാപകമായി ഇതിനോടകം 200 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, മെര്‍സലിന്റെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ വെറും തള്ള് മാത്രമാണെന്നും ഒറിജിനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഇതല്ലെന്നും വിതരണക്കാരന്‍ പറയുന്നു. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് മെര്‍സലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമ ഗംഭീര വിജയമാണെന്ന് ധരിപ്പിച്ച് തിയേറ്ററിലേക്ക് ആളെ കൂട്ടനാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ഇയാള്‍ പറയുന്നു. ബോക്‌സ് ഓഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.