സ്വര്‍ണ്ണക്കടത്തും ഇടതുപക്ഷവും ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; പിടിഎ റഹീമിന്റെ കാര്‍ സ്വര്‍ണ്ണക്കടത്ത് പ്രതിയുടെ സമ്മാനമെന്ന് ആരോപണം

സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധം മറ നീക്കി പുറത്തു വന്നത് സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും ഒരു പോലെ വിവാദത്തിലാക്കിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ച് കോടിയേരി ബാലകൃഷ്ണന്‍ ആണ് ആദ്യം പുലിവാല്‍ പിടിച്ചത്. ശേഷം ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വിവാദത്തില്‍ പെട്ടു. ഏറ്റവും ഒടുവിലായി കുന്നമംഗലം എംഎല്‍എ പിടിഎ റഹീം ഉപയോഗിക്കുന്ന കാര്‍ ആണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ സമ്മാനമാണ് എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് എംഎല്‍എ ഉപയോഗിക്കുന്ന കാറെന്ന് കേസിലെ ഒന്നാം പ്രതി പറഞ്ഞതായി മാത്രുഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എ ഉപയോഗിക്കുന്ന കെഎല്‍ 58 എല്‍ 4717 എന്ന കാറാണ് വിവാദത്തിലായിരിക്കുന്നത്. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തത്. 2013 നവംബര്‍ നാലിനാണ് നാലിനാണ് തലശേരി ആര്‍ടിഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എംഎല്‍എയുടെ അടുത്ത ബന്ധുവായ ലുഫ്ത്തി മുഹമ്മദിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. എന്നാല്‍, 2014 ജൂണ്‍ എട്ടിന് ലുഫ്ത്തി ഇന്നോവ പിടിഎ റഹിം എംഎല്‍എയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. വാഹനം സമ്മാനമായി നല്‍കിയതാണെന്ന ആരോപണം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിലയിരുത്തലുകള്‍.

ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും കാണിച്ചിട്ടുണ്ട്. നേരത്തെ ദുബായില്‍ വെച്ച് ഇടത് എംഎല്‍എമാര്‍ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം മാതൃഭൂമി പുറത്ത് വിട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബു ലൈസ് വിമാനത്താവളത്തിലെത്തി ഇടത് എംഎല്‍എമാരെ സ്വീകരിക്കുന്ന ചിത്രമാണ് വിവാദത്തിലായത്.