കനത്തമഴയില്‍ മുങ്ങി വീണ്ടും ചെന്നൈ ; 2015 ആവര്‍ത്തിക്കുമോ എന്ന ഭയത്തില്‍ ജനങ്ങള്‍

ചെന്നൈ : കനത്ത മഴ തുടരുന്ന ചെന്നൈയില്‍ ജനജീവിതം ദുസഹമായി തുടരുന്നു. മഴ കനത്തതോടെ വീണ്ടും വെള്ളക്കെട്ടിലേയ്ക്ക് നീങ്ങുകയാണ് ചെന്നൈ നഗരം. 2015ലെ അതിരൂക്ഷമായ പ്രളയത്തില്‍ നിന്ന് ചെന്നൈ ഒന്നും പഠിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ അവിടത്തെ അവസ്ഥ‍. പ്രളയം ആവ‍ർത്തിയ്ക്കാതിരിയ്ക്കാനുള്ള മുൻകരുതലെടുത്തിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ടെങ്കിലും മഴ നിർത്താതെ പെയ്താൽ സ്ഥിതി വഷളാകുമെന്നാണ് പരിസ്ഥിതിപ്രവർത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തതോടെ ചെന്നൈയിലെ അണ്ടര്‍ പാസുകള്‍ വെള്ളക്കെട്ടുകളായി. നഗരത്തിലെ മിക്കയിടങ്ങഴിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. അരയോളം പൊന്തിയ വെള്ളത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നഗരവാസികള്‍. വെള്ളക്കെട്ട് രൂക്ഷമായതോടെ കടകള്‍ അടച്ചിട്ടു.

വളരെ വൈകി ആരംഭിച്ച ഓടകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും പൂര്‍ത്തിയായിട്ടില്ല. നഗരത്തിന്‍റെ അതിർത്തിയിലുള്ള നീർത്തടങ്ങൾ സംരക്ഷിയ്ക്കാനുള്ള നടപടികളിലും വകുപ്പുകളുടെ തമ്മിലടി കാരണം ഇതുവരെ ഒരു തീരുമാനമായിട്ടില്ല. മഴ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്നവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ് എങ്കില്‍ 2015ലെ പോലെ ആകുമോ എന്ന ഭയത്തിലാണ് ചെന്നൈ നിവാസികള്‍.