കാമുകനെ വിവാഹം ചെയ്യാന്‍ യുവതി ഭര്‍ത്താവിന് പാലില്‍ വിഷം നല്കി; പിന്നീട് നടന്നത് വന്‍ ദുരന്തം, മരിച്ചത് 13 പേര്
മുസാഫര്‍ഗഡ്: കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് മരിച്ചത് കുടുംബത്തിലെ 13 പേര്. കുട്ടികളടക്കമുള്ള 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ മുസാഫര്ഗഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് തെഹ്സില്‍ സ്വദേശിയായ ആസിയ (20) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുന്‍പാണ് ആസിയയുടെ സമ്മതമില്ലാതെ മാതാപിതാക്കള്‍ വിവാഹം നടത്തിയത്. മറ്റൊരു യുവാവുമായി സ്നേഹത്തിലായിരുന്ന ആസിയ വിവാഹത്തിന് താല്പര്യമില്ലെന്നറിയിച്ചെങ്കിലും വീട്ടുകാര്‍ എതിര്‍ത്തതോടെ ആസിയ കാമുകനൊത്ത് ഒളിച്ചോടാന്‍ ശ്രമം നടത്തി. പക്ഷെ ആ ശ്രമവും മാതാപിതാക്കള്‍ തടഞ്ഞു. പിന്നാലെ വിവാഹവും നടത്തി. ഇതോടെയാണ് ഭര്‍ത്താവ് അംജദിനെ കൊല്ലാന്‍ ആസിയയും കാമുകനും ചേര്‍ന്ന് പദ്ധതിയിട്ടത്. തുടര്‍ന്ന് പാലില്‍ വിഷം നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ആസിയ തീരുമാനിച്ചു. ഇതിന് വേണ്ട വിഷം കാമുകന് ആസിയയ്ക്ക് നല്‍കുകയായിരുന്നു.
എന്നാല്‍, ആസിയ നല്കിയ വിഷം കലര്‍ന്ന പാല് ഭര്‍ത്താവ് കുടിച്ചില്ല. വിഷം കലര്‍ന്ന പാലാണെന്ന് അറിയാതെ ആസിയയുടെ ഭര്‍തൃമാതാവ് പാലെടുത്ത് ലസി തയ്യാറാക്കുകയായിരുന്നു. ഇത് കുട്ടികള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും നല്‍കുകയും ചെയ്തു. പാല് കുടിച്ചവര്‍ അവശരായി വീഴുകയായിരുന്നു.
ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടക്കത്തില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാല്‍, പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പാലില്‍ വിഷം കലര്‍ത്തിയെന്ന് കണ്ടെത്തി.ആസിയ പാല് കുടിക്കാതിരുന്നതോടെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും ആസിയ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.