യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥക്ക് നാളെ തുടക്കം; കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി.ഡി.സതീശന്‍
കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു,ഡി.എഫിന്റെ പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരേയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മാറ്റി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. സംഘപരിവാര്‍, സി.പി.എം ശക്തികള്‍ക്കെതിരെ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ജാഥ മഞ്ചേശ്വരത്ത് നിന്നായിരിക്കും ആരംഭിക്കുക.
ജാഥ ആരംഭിക്കാന്‍ ഒരു ദിവസം നില്‍ക്കെ, ജാഥയില്‍ നിന്നും കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന പ്രതികരണവുമായാണ് വി.ഡി.സതീശന്‍ എം.എല്‍.എ രംഗത്ത് വരുന്നത്. ജാഥയ്ക്ക് സ്വീകരണം ഒരുക്കുന്ന വേദികളില്‍ കളങ്കിതര്‍ക്ക് സ്ഥാനം നല്‍കരുത് എന്നതിന് പുറമെ ഇവരില്‍ നിന്നും സംഭാവന സ്വീകരിക്കരുതെന്ന് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സതീശന്‍ വ്യക്തമാക്കുന്നു.
പടയൊരുക്കം യാത്രയെ തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില ഭാഗങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രയില്‍ ഉടനീളം ജാഗ്രത പാലിക്കണമെന്നും വി.ഡി സതീശന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കളങ്കിതരെ വേദിയിലേക്ക് കടത്തിവിടാന്‍ നീക്കമുണ്ടാവുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. വേദിയില്‍ ആരൊക്കെ കയറണം, ആരൊക്കെ ഹാരാര്‍പ്പണം നടത്തണം എന്നതിനൊക്കെ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കാന്‍ ആരുടേയും പ്രായം ചോദിച്ചിട്ടില്ല. ഗ്രൂപ്പ് എന്നത് ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും സതീശന്‍ പറഞ്ഞു.