ചാനല്‍ ചര്‍ച്ചക്കിടെ വന്ദേ മാതരം ചൊല്ലാമെന്ന് ബിജെപി നേതാവിന്റെ വെല്ലു വിളി; മുഴുവനും തെറ്റിച്ച് കുളമാക്കി ഒടുവില്‍ നാണം കെട്ടു, വീഡിയോ വൈറല്‍

ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അമിതാവേശം കൊണ്ട് വന്ദേ മാതരം ചൊല്ലാമെന്ന് വെല്ലുവിളിച്ച് മുഴുവനും തെറ്റിച്ച് ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ്. ‘സീ സലാം’ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നവീന്‍കുമാര്‍ സിങാണ് അമിതാവേശത്തിന്റെ പേരില്‍ ഇത്തവണ ആപ്പിലായത്.

ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്വസ്മിയുമായുള്ള വാക്‌പോര് മുറുകിയപ്പോള്‍ നവീന്‍ കുമാറിനോട് വന്ദേമാതരം ചൊല്ലൂ എന്ന് ഇജാസ് അര്‍ഷാദ് ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിഷയം മാറ്റാന്‍ നോക്കിയ നവീന്‍കുമാര്‍ ആ സമയം കൊണ്ട് വന്ദേമാതരത്തിന്റെ വരികള്‍ ഫോണില്‍ സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒടുവില്‍ ഗത്യന്തരമില്ലാതെ വന്ദേമാതരം ആലപിക്കേണ്ടി വന്ന നവീന്‍കുമാര്‍ മുഴുവന്‍ വാക്കുകളും തെറ്റിച്ച് ചൊല്ലി വന്ദേ മാതാരത്തെ കുളമാക്കി. താളവും തെറ്റിച്ചു. ഫോണില്‍ നോക്കി ആലപിച്ചിട്ടും മുഴുവന്‍ വരികളും തെറ്റിച്ച ബി.ജെ.പി പ്രതിനിധിയെ ട്രോളി ക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. നവീന്‍കുമാറിന്റെ ദയനീയ ആലാപനത്തെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.