മോദി ഉത്ഘാടനം ചെയ്ത ബുള്ളറ്റ് ട്രെയിന്‍ പാത യാത്രക്കാര്‍ ഇല്ലാത്തത് ; റെയില്‍വേയുടെ ഇപ്പോഴത്തെ നഷ്ടം മാത്രം മാസം 10 കോടി

രാജ്യത്തിന്‍റെ അഭിമാനപദ്ധതി എന്ന പേരില്‍ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്ത ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നഷ്ടത്തിലാകും എന്ന് റിപ്പോര്‍ട്ടുകള്‍. വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ നഷ്ടത്തിലാണ് ഓടുന്നതെന്നും ഇത് പശ്ചിമ റെയില്‍വേയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാണിക്കുന്നു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ 40 ശതമാനം സീറ്റുകള്‍ ഒഴിച്ചിട്ടാണ് സര്‍വീസ് നടത്തുന്നതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതുകാരണം പ്രതിമാസം 10 കോടി രൂപയാണ് റെയില്‍വേക്ക് നഷ്ടമാകുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗഗാലി സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പശ്ചിമ റെയില്‍വേയ്ക്ക് കീഴിലുള്ള പ്രസ്തുത റൂട്ടിലെ മൂന്ന് മാസത്തെ കണക്കുകള്‍ ലഭിച്ചിട്ടുള്ളത്. പശ്ചിമ റെയില്‍വേയ്ക്ക് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 30 കോടിയുടെ നഷ്ടമുണ്ടായെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.

മുംബൈ-അഹമ്മദാബാദ് പാതയില്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങേയറ്റം ആവേശം കാണിക്കുകയാണ്. എന്നാല്‍ കൃത്യമായ ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നും ഇത് കനത്ത നഷ്ടമാവും സര്‍ക്കാരിനും റെയില്‍വേയ്ക്കും ഉണ്ടാക്കുകയെന്നും അനില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് സെപ്തംബര്‍ 13നാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. 2023ഓടെ പണി പൂര്‍ത്തിയാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അഹമ്മദാബാദിനും മുംബൈയ്ക്കുമിടയില്‍ 508 കിലോമീറ്റര്‍ ദൂരത്താണ് യാഥാര്‍ത്ഥ്യമാകുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലെത്താന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ മേന്മ.