ഗെയില്‍ പൈപ്പ് ലൈന്‍ പ്രക്ഷോഭം ; മുക്കത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് മുക്കത്ത് നാട്ടുകാരും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം. വൈകിട്ട് മുക്കം പോലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. ആക്രമണത്തില്‍ കെ.എസ്.ആര്‍.ടിസി ബസടക്കം നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ത്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത് എന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിഷേധക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു. രൂക്ഷമായതോടെ പോലീസ് നാട്ടുകാര്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിച്ചു.

ചിതറിയോടിയ പ്രതിഷേധക്കാര്‍ പലയിടത്തും പോലീസിനു നേരെ തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കല്ലേറില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിന് പരിക്കേറ്റു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതോടെ പൊലീസും നാട്ടുകാരും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനവും അക്രമാസക്തമായി. പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസും സമരക്കാരും വീണ്ടും ഏറ്റുമുട്ടി. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.