അത് തള്ളല്ലായിരുന്നു; രാഹുല്‍ ഗാന്ധി ശരിക്കും ബ്ലാക് ബെല്‍റ്റ് തന്നെ,ചിത്രങ്ങള്‍ പുറത്ത്

ദില്ലി: ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയില്‍ ബ്ലാക്ക്‌ബെല്‍റ്റാണ് താനെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് അധിക നാള്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായായിരുന്നു രാഹുലിന്റെ പ്രതികരണം. അപ്പോള്‍ മുതല്‍ ചിലരെങ്കിലും ചിന്തിച്ച ഒരു കാര്യമുണ്ട്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ തിരക്കിട്ടു യാത്രകള്‍ നടത്തി രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന രാഹുലിന് ഇതിനൊക്കെ സമയമുണ്ടോ എന്ന്. എന്നാല്‍ രാഹുല്‍ പറഞ്ഞതിന് തെളിവ് സഹിതമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. രാഹുലിന്റെ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

യുവജനങ്ങള്‍ക്കു പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമ മുറകളുടെ വീഡിയോ ഷെയര്‍ ചെയ്യാമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയല്ല രാഹുല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നതും ശ്രദ്ധേയമായി. ഭരത് എന്നയാളുടെ ട്വീറ്റ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടിയും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം ലീഡറുമായ ദിവ്യ സ്പന്ദന(രമ്യ)യുടെ ട്വിറ്റര്‍ പേജിലും ഷെയര്‍ ചെയ്തയ്തിട്ടുണ്ട്.

ഇനി എന്താണീ ഐകീഡോ

നമ്മുടെ കളരിപ്പയറ്റു പോലുള്ളൊരു ജാപ്പനീസ് യുദ്ധമുറയാണ് ഐകീഡോ (Aikido). എത്ര കരുത്തനായ പ്രതിയോഗിയെയും ബാലന്‍സ് തെറ്റിച്ചു വീഴ്ത്താനാവും. പ്രതിയോഗിയെ നേരെ നേരിടുകയല്ല, തിരിഞ്ഞും കറങ്ങിയും വട്ടത്തില്‍ നീങ്ങിയും അയാളുടെ ആക്രമണത്തിന്റെ ആയത്തെ ദിശ തിരിച്ചുവിടുകയെന്നതാണു തന്ത്രം. മൊറിഹെയ് ഉയേഷിബ എന്ന ജപ്പാന്‍കാരനാണ് ഇതിന്റെ ഉപജ്ഞാതാവ്.