ചാലക്കുടി രാജീവ് വധക്കേസ് അഡ്വ. സി.പി.ഉദയഭാനു അറസ്റ്റില്‍

തൃപ്പൂണിത്തുറ: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി. പി ഉദയഭാനു പിടിയില്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പൂണിത്തറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. സി.പി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ‘നിങ്ങള്‍ എത്ര ഉന്നതനായാലും നിയമം അതിനും മീതെയാണെ’ന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദം കോടതി തള്ളി. ഉദയഭാനുവിനും രാജീവിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ അവസാന ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഹര്‍ജിയില്‍ മുമ്പുണ്ടായിരുന്ന ഇടക്കാല ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.