അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഗോളടിക്കാന്‍ മറന്ന് ബാഴ്‌സ ; ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയുടെ ഗോളടി റെക്കോര്‍ഡിന് അവസാനം

കഴിഞ്ഞ സീസണില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വാക്കാനാവാത്ത ബാഴ്‌സ പക്ഷെ ഈ സീസണ്‍ തുടങ്ങിയത് ഗംഭീരമായിട്ടായിരുന്നു. ലാലിഗയില്‍ 10ല്‍ 9ത്തിലും ജയിച്ചു. നെയ്മര്‍ ക്ലബ്ബ് വിട്ടെങ്കിലും മെസ്സിയും സുവാരസും നന്നായി കളിക്കുന്നു. പക്ഷെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒളിമ്പിയാക്കോസിനോട് ഗോള്‍ രഹിത സമനില വഴങ്ങിയത് ബാഴ്‌സക്ക് നേരിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കാതെ ഒരു മത്സരം പൂര്‍ത്തിയാക്കുന്നത്. ഒളിമ്പിയാക്കോസുമായി ഇന്നലെ നടന്ന ഗ്രൂപ്പ് മത്സരം 00 എന്ന സ്‌കോറില്‍ അവസാനിച്ചതോടെയാണ് ബാഴ്‌സലോണയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ഗോളടി റെക്കോര്‍ഡിന് അവസാനമായത്.

2012 ഡിസംബര്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ബാഴ്‌സലോണ ഗോള്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ 48 ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ ബാഴ്‌സ വലകുലുക്കാതിരുന്നത്. അവസാനം 2012ല്‍ ബെന്‍ഫികയ്‌ക്കെതിരെ ഹോം മത്സരത്തിലായിരുന്നു ബാഴ്‌സ ഗോളടിക്കാഞ്ഞത്. അന്നും മത്സരം 00 എന്ന സ്‌കോറിലാണ് അവസാനിച്ചത്.

ഗോള്‍ രഹിത സമനില വഴങ്ങിയെങ്കിലും ബാഴ്‌സലോണ തന്നെയാണ് ഗ്രൂപ്പ് ഡിയില്‍ ഇപ്പോഴും ഒന്നാമത്.